
ന്യൂഡൽഹി : ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. തർക്കമേഖല ശ്രീകൃഷ്‌ണൻ ജനിച്ച ഇടമാണെന്ന് അംഗീകരിക്കണമെന്നും, ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നുമായിരുന്നു അഡ്വ. മഹേക് മഹേശ്വരിയുടെ ഹർജിയിലെ ആവശ്യം.2023 ഒക്ടോബറിൽ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇതേ വിഷയത്തിൽ നിരവധി സിവിൽ കേസുകൾ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ പൊതുതാത്പര്യ ഹർജി ആവശ്യമില്ലെന്നും, നിലനിൽക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശ്രീകൃഷ്ണജന്മ ഭൂമിയിലാണ് ഈദ്ഗാഹ് മസ്ജിദ് നിലനിൽക്കുന്നതെന്നും ആ സ്ഥലം ഏറ്റെടുത്ത്, ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണനെ ആരാധിക്കാനായി കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. താൻ ഉറച്ച ഹിന്ദുമത വിശ്വാസിയും കൃഷ്ണഭക്തനുമാണെന്ന് ഹർജിക്കാരൻ പറയുന്നതിൽ പൊതുതാത്പര്യമില്ലെന്നും, ആവശ്യം വ്യക്തിപരമാണെന്നും യു.പി സർക്കാർ വാദിച്ചു. തുടർന്ന്, ഇടപെടുന്നത് ഉചിതമല്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
അതേസമയം, മറ്റ് സ്വഭാവത്തിലുള്ള ഹർജികൾ (സിവിൽ കേസ് പോലെയുള്ളവ) സമർപ്പിക്കാൻ തടസമില്ല. പൊതുതാത്പര്യ ഹർജിയായി സമർപ്പിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി.
പൊതുതാത്പര്യ ഹർജി തള്ളിയതുകൊണ്ട്, ഏത് നിയമവും ചോദ്യം ചെയ്യാനുള്ള ഹർജിക്കാരന്റെ അവകാശം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തത വരുത്തി.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ, അങ്ങനെ തന്നെ തുടരണമെന്ന ആരാധനാലയ നിയമത്തിലെ വ്യവസ്ഥ അടക്കം ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.