ന്യൂഡൽഹി : മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും, സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീംകോടതി.
ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന പൊതുതാത്പര്യഹർജി തള്ളിയാണ് ശ്രദ്ധേയ നിരീക്ഷണം. അഭിഭാഷകനായ എം.എൽ. രവിയുടെ ഹർജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിൽ അനൗചിത്യമുണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഉപദേശരൂപേണ നിർദ്ദേശിച്ചിരുന്നു. ഹർജിയിൽ ഇടപെടാത്ത ഹൈക്കോടതി നിലപാട് സുപ്രീംകോടതി ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
ആരോഗ്യകാരണങ്ങൾ കാട്ടി സെന്തിൽ ബാലാജി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇടപെടാൻ നവംബർ 28ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 13നാണ് ഡി.എം.കെ. മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. 2011-2015ൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ കോഴ വാങ്ങി നിയമനങ്ങൾ നടത്തിയെന്നും, കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം. ജയിലിലാണെങ്കിലും ബാലാജി മന്ത്രിയായി തുടരുകയാണ്.