
ന്യൂഡൽഹി: ആംആദ്മി എം.പി സുശീൽ കുമാർ ഗുപ്തയ്ക്ക് പകരം ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ രാജ്യസഭയിലെത്തും.
മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിംഗ് എം.പിയെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പാർട്ടി എം.പി എൻ.ഡി ഗുപ്തയും തുടരും.
നിലവിലെ എം.പിമാരായ സഞ്ജയ് സിംഗ്, എൻ.ഡി. ഗുപ്ത, സുശീൽ ഗുപ്‌ത എന്നിവരുടെ രാജ്യസഭയിലെ കാലാവധി ഈ മാസം 27ന് പൂർത്തിയാകും. ഹരിയാന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്ന് സുശീൽ ഗുപ്ത അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് സ്വാതി മലിവാളിനെ പരിഗണിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചത്.
ഡൽഹി മദ്യക്കയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിലുള്ള സഞ്ജയ് സിംഗിനെ കേസ് പരിഗണിച്ച് വീണ്ടും പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് തീരുമാനം. സഞ്ജയ് സിംഗിന് രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനുള്ള ഫോമുകളിലും രേഖകളിലും ഒപ്പിടാൻ റോസ് അവന്യു കോടതി ഇന്നലെ അനുമതി നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 9 ആണ്. കേജ്‌രിവാളിന്റെ വിശ്വസ‌്‌തനായ സഞ്ജയ് രാജ്യസഭയിലെ പാർട്ടി നേതാവാണ്.
സ്ഥാനാർത്ഥികളിൽ പുതുമുഖമായ യു.പി സ്വദേശി സ്വാതി മലിവാളും കേജ്‌രിവാളിന്റെ അടുത്ത അനുയായിയാണ്. പാർട്ടി സ്ഥാപിക്കും മുൻപ് കേജ്‌രിവാളിനൊപ്പം സന്നദ്ധ സംഘടനായായ 'പരിവർത്തനിലും അന്നാ ഹസാരെയുടെ 'അഴിമതിക്കെതിരെ ഇന്ത്യ'പ്രക്ഷോഭത്തിലും പങ്കാളിയായി. 2015ൽ ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റ സ്വാതിയുടെ സ്‌ത്രീസുരക്ഷാ നടപടികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാത്രി ഒറ്റയ്‌ക്ക് ഡൽഹിയിലെ സ്‌ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയതും ഏറെ ചർച്ചയായി. രാജ്യസഭാ സ്ഥാനാർത്ഥിയായതിനെ തുടർന്ന് പദവി രാജിവച്ചു.
ഡൽഹി നിയമസഭയിൽ, 62 എം.എൽ.എമാരുള്ളതിനാൽ മൂന്ന് സീറ്റുകളിലും ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികൾ ജയിക്കും. പഞ്ചാബിൽ നിന്ന് പാർട്ടിക്ക് ഏഴ് രാജ്യസഭാ എം.പിമാരുണ്ട്.
സഞ്ജയ് സിംഗിനെ നാമനിർദ്ദേശം ചെയ്‌തതിലൂടെ അഴിമതിയിൽ തുല്യ പങ്കാളിയാണെന്ന് കേജ്‌രിവാൾ തെളിയിച്ചെന്ന് ഡൽഹി ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ ആരോപിച്ചു.