
ന്യൂഡൽഹി : ബാബറി മസ്ജിദിനായി സുപ്രീംകോടതിയിൽ പോരാടിയ അയോദ്ധ്യയിലെ ഇഖ്ബാൽ അൻസാരിക്ക് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം. ഇന്നലെ ക്ഷേത്ര ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ആർ.എസ്.എസ് പ്രവർത്തകരാണ് ഇഖ്ബാൽ അൻസാരിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. ഡിസംബർ 30ന് അയോദ്ധ്യയിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത് വാർത്തയായിരുന്നു. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ ആദ്യകാല കക്ഷി ആയിരുന്ന ഹാഷിം അൻസാരിയുടെ പുത്രനാണ്. ഹാഷിം അൻസാരി 2016 ജൂലായിൽ 96ാം വയസിൽ മരിച്ച ശേഷം ഇഖ്ബാലാണ് കേസ് നടത്തിയത്.
സന്തോഷം, പ്രതിഷേധമില്ല
ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇഖ്ബാൽ അൻസാരി പ്രതികരിച്ചു. ഹിന്ദു-മുസ്ലിം-സിഖ്-ക്രിസ്ത്യൻ ഐക്യത്തിന്റെ മണ്ണാണ് അയോദ്ധ്യ. സുപ്രീംകോടതി വിധിയെ രാജ്യത്തെ മുസ്ലിം സമുദായാംഗങ്ങൾ ബഹുമാനിച്ചു. എവിടെയും പ്രതിഷേധമില്ല. അയോദ്ധ്യയിലെ ജനങ്ങളും താനും സന്തോഷത്തിലാണെന്നും കൂട്ടിച്ചേർത്തു.