sp

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ തയ്യാറാക്കണമെന്ന പൊതുതാത്പര്യഹർജിയിൽ സുപ്രീംകോടതി അന്വേഷണ ഏജൻസികളുടെ നിലപാട് തേടി. ഡൽഹി പൊലീസ്, ഇ.ഡി, സി.ബി.ഐ എന്നിവയ്ക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഓൺലൈൻ വാർത്താ പോർട്ടൽ ന്യൂസ് ക്ലിക്കും, സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥയും സമർപ്പിച്ച ഹർജിയിലാണ് നടപടി.

ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരിൽ നിന്ന് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തിൽ പ്രബിർ പുർകായസ്ഥയെ ഡൽഹി പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് കേസിന് പിന്നാലെ സ്ഥാപനത്തിന്റെയും, 90ൽപ്പരം മാദ്ധ്യമപ്രവർത്തകരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തുവെന്ന് ഹർജിയിൽ പറയുന്നു. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു.