sup

ന്യൂഡൽഹി: ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ നിരോധിച്ച നടപടിക്കെതിരെ സമർപ്പിച്ച ഹർജികളിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. യു.പി സർക്കാരിന്റെ നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ നടപടികൾ സ്റ്റേ ചെയ്തില്ല. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടക്കം സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.

ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങളുടെ ഉത്പാദനം, വിൽപ്പന, സംഭരണം, വിതരണം എന്നിവയാണ് യു.പി നിരോധിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ വൻകിട മാളുകളിൽ നടന്ന റെയിഡ് വിവാദമായിരുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് യു.പി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു തുടക്കത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. എന്നാൽ, ദേശീയമായി പ്രത്യാഘാതമുണ്ടാക്കുന്നതും, മതാചാരത്തെ ബാധിക്കുന്നതുമായ വിഷയമാണെന്ന് വാദമുന്നയിച്ചതോടെ നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു.