
ന്യൂഡൽഹി: 'ഇന്ത്യ' മുന്നണിയിൽ ഭിന്നതയില്ലെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. 28 പാർട്ടികളെ ഉൾക്കൊള്ളുന്ന മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. അത് പെട്ടെന്ന് തീർക്കാനാകില്ല. പല തവണ ചർച്ചകൾ വേണ്ടിവരും. ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി അണിനിരക്കും. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേത്. വണ്ടിപ്പെരിയാറിലെ ഇരയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ലോക്സഭാ പ്രചാരണം:
അജയ്മാക്കൻ കൺവീനർ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു. എ.ഐ.സി.സി ട്രഷറർ അജയ് മാക്കനാണ് കൺവീനർ.സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കമ്മ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ്, അഡ്മിനിസ്ട്രേഷൻ ഇൻചാർജ് ഗുർദീപ് സിംഗ് സപ്പൽ, മീഡിയ ആൻഡ് പബ്ളിസിറ്റി ചെയർമാൻ പവൻ ഖേര, സോഷ്യൽ മീഡിയ ചെയർപേഴ്സൺ സുപ്രീയ ശ്രീനദെ എന്നിവർക്കൊപ്പം പ്രത്യേക ക്ഷണിതാക്കളും അംഗങ്ങളാണ്.
തിരഞ്ഞെടുപ്പിന് സംഘടനാ, കമ്മ്യൂണിക്കേഷൻ വാർ റൂം കമ്മിറ്റിക്കും രൂപം നൽകി. ശശികാന്ത് സെന്തിൽ അദ്ധ്യക്ഷനും ഗോകുൽ ഭൂട്ടൈൽ, നവീൻ ശർമ്മ, വരുൺ സന്തോഷ്, അരവിന്ദ് കുമാർ എന്നിവർ ഉപാദ്ധ്യക്ഷൻമാരുമാണ്. വൈഭവ് വാലിയയാണ് കമ്മ്യൂണിക്കേഷൻ വാർ റൂം കമ്മിറ്റി അദ്ധ്യക്ഷൻ.