
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹിമാചൽ പ്രദേശിൽ ഇ.പി.എഫ്. അംഗങ്ങൾക്ക് ഉയർന്ന ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ ലഭിച്ചു തുടങ്ങി. മറ്റു നടപടികൾ പൂർത്തിയാക്കി പേ ഓർഡർ നൽകിത്തുടങ്ങിയിരുന്നു. അതേസമയം കേരളം ഉൾപ്പെടുന്ന ഇ.പി.എഫ് മേഖലാ ഓഫീസുകൾക്ക് കീഴിൽ അടക്കം ഇക്കാര്യത്തിൽ താമസം തുടരുകയാണ്. നേരത്തെ കണക്കുകൂട്ടിയതിലും കുറവു തുകയാണ് അക്കൗണ്ടിൽ വന്നതെന്ന് ചൂണ്ടിക്കാട്ടി ഹിമാചൽ പ്രദേശിൽ പെൻഷൻകാർ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
15,000 രൂപ എന്ന പരിധിക്ക് പകരം യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷന് 2022 നവംബറിൽ സുപ്രീംകോടതി വിധി വന്നതിനെ തുടർന്ന് 17.49 ലക്ഷം ഇ.പി.എഫ് അംഗങ്ങൾ ജോയിന്റ് ഓപ്‌ഷൻ നൽകിയിരുന്നു. എന്നാൽ ശമ്പളവിവരം അപ്‌ലോഡ് ചെയ്യാത്തതിനെ തുടർന്ന് കേരളത്തിൽ അടക്കം 3.6 ലക്ഷം അപേക്ഷക തൊഴിലുടമകളുടെ പക്കൽ കെട്ടിക്കിടക്കുകയാണ്. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം കഴിഞ്ഞ ദിവസമാണ് മേയ് 31വരെ നീട്ടിയത്. നടപടികൾ പൂർത്തിയാക്കി എന്നുമുതൽ ഉയർന്ന പെൻഷൻ ലഭിക്കുമെന്നത് വ്യക്തമല്ല.