
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്‌ത് ഇരയായ ബിൽക്കിസ് ബാനു അടക്കം നൽകിയ ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും.
ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഒക്‌ടോബർ 12ന് വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും നിർണായകമാണ് കേസിന്റെ വിധി.
2022-ൽ സ്വാതന്ത്ര്യദിനത്തിലാണ് 14 വർഷം തടവു ശിക്ഷ അനുഭവിച്ചതും നല്ലനടപ്പ് പരിഗണിച്ചതും ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. ഇതിനെതിരെ സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ മുൻ എം.പി മഹുവ മൊയ്‌ത്ര, മുൻ ഐ.പി.എസ് ഓഫീസർ മീരൻ ചദ്ദ ബോർവങ്കർ എന്നിവരുടേത് ഉൾപ്പെടെ പൊതുതാത്പ്പര്യ ഹർജികളാണ് ആദ്യം സുപ്രീംകോടതിയിൽ വന്നത്. പിന്നീട് ബിൽക്കിസ് ബാനുവും ഹർജി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസികാഘാതമുണ്ടാക്കിയെന്ന് ബിൽക്കിസ് വാദിച്ചു.