supreme-court

ന്യൂഡൽഹി​: വി​ചാരണ കോടതി​കളി​ലെപ്പോലെ നേരി​ട്ട് തെളി​വി​നായി​ വസ്‌തുക്കളും മറ്റും ഹാജരാക്കാത്ത സുപ്രീംകോടതി​യി​ൽ കഴി​ഞ്ഞ ദി​വസം മുതി​ർന്ന അഭി​ഭാഷകൻ മുകുൾ റോഹ്‌തഗി​ മദ്യക്കുപ്പി​കളുമായി​ വാദത്തി​നെത്തി​യത് ചീഫ് ജസ്റ്റി​സ് ഡി​.വൈ. ചന്ദ്രചൂഡി​നെയും കോടതി​ മുറി​യി​ലുണ്ടായി​രുന്ന അഭി​ഭാഷകരെയും അമ്പരപ്പി​ച്ചു.

രണ്ട് മദ്യക്കമ്പനികൾ തമ്മിലുള്ള തർക്കത്തിന്റെ വാദം കേൾക്കുന്നതിനിടെയാണ് സംഭവം. ഇൻഡോർ ആസ്ഥാനമായുള്ള ജെ.കെ എന്റർപ്രൈസസിന്റെ ‘ലണ്ടൻ പ്രൈഡ്’ എന്ന മദ്യത്തിന്റെ പേരിലെ 'പ്രൈഡ്' തങ്ങളുടെ 'ബ്ലെൻഡേഴ്‌സ് പ്രൈഡിനെ' അനുകരിച്ചാണെന്ന പെർനോഡ് റിക്കാർഡ് കമ്പനിയുടെ അപ്പീലി​ലായി​രുന്നു കേസ്. കൂടാതെ തങ്ങളുടെ മറ്റൊരു ഉൽപന്നമായ 'ഇംപീരിയൽ ബ്ലൂ' കുപ്പിയുടെ രൂപവും അനുകരിച്ചെന്നും അപ്പീലിൽ ആരോപിച്ചിരുന്നു.ഇതുവഴി വരുമാനത്തിൽ വൻ ഇടിവ് വന്നുവെന്ന് ലണ്ടൻ പ്രൈഡിനെതിരെ പെർനോഡ് റിക്കാഡ് നൽകിയ കേസ് മധ്യപ്രദേശ് ഹൈക്കോടതി തളളിയത് ചോദ്യം ചെയ്‌താണ് സുപ്രീംകോടതിയിൽ അപ്പീൽ വന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ പെർനോഡ് റെക്കാഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി കേസിന് ആസ്‌പദമായ ഉൽപ്പന്നങ്ങൾ കോടതിക്കുള്ളിൽ കൊണ്ടുവരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. കോടതി അനുമതി നൽകിയതോടെ അദ്ദേഹം കേസ് ഫയലിനൊപ്പം കൊണ്ടുവന്ന പായ്‌ക്കറ്റിൽ നിന്ന് രണ്ട് മദ്യക്കുപ്പികൾ തന്റെ മുന്നിലെടുത്തു വച്ചു. അസാധാരണമായ ഈ കാഴ്ച്ച കണ്ട്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരോടൊപ്പം ചീഫ് ജസ്റ്റിസ് ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു: നിങ്ങൾ കുപ്പികളുമായാണോ വന്നത്. കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകരും അപൂർവ്വ കാഴ്‌ച കാണാൻ എത്തിനോക്കി.

രണ്ട് ഉൽപ്പന്നങ്ങളും തമ്മിലുള്ള സമാനത വ്യക്തമാക്കാനാണെന്ന് റോഹ്‌തഗി പറഞ്ഞു. തുടർന്ന് അദ്ദേഹം ട്രേഡ് മാർക്ക് ലംഘനം വിശദീകരിച്ചു. ഇത്തരമൊരു കേസ് താൻ ബോംബെ ഹൈക്കോടതിയിൽ ഉണ്ടായിരുന്നപ്പോൾ വന്നുവെന്ന് ചീഫ് ജസ്റ്റിസ് ഒാർത്തു. 'പ്രൈഡ്' എന്നത് പൊതുവായ പേരാണെന്നും പകർപ്പവകാശം അവകാപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി നോട്ടീസ് അയ്‌ക്കാനും രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാനും ഉത്തരവിട്ടു.

അപ്പോൾ റോഹ്ഗിയുടെ അടുത്ത ചോദ്യം: കുപ്പികൾ താൻ തിരിച്ചു കൊണ്ടുപോയ്‌ക്കോട്ടെ എന്ന്. ഒരുപ്രശ്നവുമില്ലെന്ന് പുഞ്ചിരിയോടെ ചീഫ് ജസ്റ്റിസിന്റെ മറുപടി.

സാമ്യമുള്ള പേരുകളിൽ വ്യത്യസ്‌ത ഉൽപന്നങ്ങൾ ഇറങ്ങിയാലും വിവേകമുള്ള ഉപഭോക്താക്കൾക്ക് വേർതിരിച്ചറിയാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് കോടതി പെർനോഡ് റിക്കാഡിന്റെ ഹർജി തള്ളിയത്.