
ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യാ-ചൈനാ ഏറ്റുമുട്ടൽ, അഗ്നിപഥ് പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉന്നതത ചർച്ചകൾ വെളിപ്പെടുത്തുന്ന മുൻ കരസേനാ മേധാവി ജനറൽ എം.എ. നരവാനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം കേന്ദ്രസർക്കാർ വിലയിരുത്തുന്നു. മുൻ പ്രതിരോധ ഉദ്യോഗസ്ഥർ പുസ്‌തകം പ്രസിദ്ധീകരിക്കുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ സേനാ ചട്ടങ്ങളിൽ വ്യക്തമായി പറയുന്നില്ലെങ്കിലും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ ഒഴിവാക്കുകയോ പുസ്തകം പിൻവലിക്കുകയോ ചെയ്യാം. 1954-ലെ ആർമി ചട്ടത്തിലെ സെക്‌ഷൻ 21 പ്രകാരമാണ് സർക്കാർ പുസ്തകത്തിൽ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കുന്നത്. ഈ മാസം പ്രകാശനം ചെയ്യാനിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കം വാർത്താ ഏജൻസിയായ പി.ടി.ഐയാണ് പുറത്തുവിട്ടത്. 2020ൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലാഘവത്തോടെ നടത്തിയ പ്രതികരണം, സായുധ സേനയിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് നടപ്പിലാക്കും മുൻപ് സർക്കാർ തലത്തിൽ നടന്ന ചർച്ചകൾ തുടങ്ങി പുറംലോകം ഇതുവരെ അറിയാത്ത പല വിവരങ്ങളും ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകത്തിലുണ്ട്. 2020 ഓഗസ്റ്റ് 31 ന് ചൈനീസ് സൈന്യം ടാങ്കുകളുമായി അതിക്രമിച്ച് കയറിയത് അറിയിച്ചപ്പോൾ താൻ പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഉചിതമെന്ന് തോന്നുന്നത് ചെയ്യാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതായി പുസ്കത്തിലുണ്ട്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ ലഭിച്ച പ്രഹരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എളുപ്പത്തിൽ മറക്കില്ലെന്നും നരവാനെ വിവരിക്കുന്നു.