
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ച് ഗവർണർ സി.വി.ആനന്ദബോസും മമത സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടെ, തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചത് രംഗം കൂടുതൽ കലുഷിതമാക്കി. പാർട്ടിയുടെ മുർഷിദാബാദ് ഘടകം ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് ഇന്നലെ ഉച്ചയ്ക്ക് ഭരത്പുരിൽ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്ന് അക്രമികൾ പോയിന്റ് ബ്ലാങ്കിൽ നിറയൊഴിക്കുകയായിരുന്നു. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
വെള്ളിയാഴ്ച നോർത്ത് 24 പർഗനസ് ജില്ലയിൽ മൂന്ന് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമണത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഗവർണർ നിർദ്ദേശിച്ചു. ഇയാളുടെ ഭീകരബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന് ഗവർണർ ആരോപിച്ചത് സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കിയിരുന്നു.
അതിനിടെ ഒളിവിൽപോയ ഷാജഹാൻ ഷെയ്ഖിനായി ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
കൊവിഡ് കാലത്ത് നടന്ന റേഷൻ വിതരണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. രണ്ടെണ്ണം അക്രമികൾക്കെതിരെയും ഒരെണ്ണം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയും. സ്ത്രീകളെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്.
അതിനിടെ, ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ഭയപ്പെടരുതെന്ന് അണികളോട് അതിൽ ആഹ്വാനം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയിൽ വിശ്വാസമർപ്പിക്കണം. അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. തെറ്റ് ചെയ്തെന്ന് ബോദ്ധ്യപ്പെടുത്തിയാൽ മരിക്കാൻ തയ്യാറാണെന്നും ഓഡിയോയിലുണ്ട്.
കൊൽക്കത്തയെ ചുവപ്പിച്ച്
ഡി.വൈ.എഫ്.ഐ നീതിയാത്ര
മമത സർക്കാരിനും, ബി.ജെ.പിക്കുമെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ 50 ദിവസത്തെ നീതിയാത്രയ്ക്ക് കൊൽക്കത്തയിൽ വൻ ശക്തിപ്രകടത്തോടെ സമാപനം. പതിനായിരങ്ങൾ പങ്കെടുത്ത യാത്ര കൊൽക്കത്തയെ ചുവപ്പിച്ചു. ബ്രിഗേഡ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു. പൊതുയോഗത്തെ മുതിർന്ന സി.പി.എം നേതാവ് മുഹമ്മദ് സലീം അഭിസംബോധന ചെയ്തു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മമതയുടെ അഴിമതി വർദ്ധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.