india

ന്യൂഡൽഹി : ലോക‌്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് - 'ഇന്ത്യ' സഖ്യകക്ഷികളുടെ സീറ്റ് വിഭജന ചർച്ച കീറാമുട്ടിയാകുന്നു. ബീഹാറിലെ സീറ്റ് വീതം വയ്പ്പിൽ കോൺഗ്രസും ആർ.ജെ.ഡിയുമായി ഇന്നലെ നടന്ന ചർച്ചയിൽ ധാരണയായില്ല. എട്ട് സീറ്റ് വേണമെന്ന് കടുപ്പിച്ച് കോൺഗ്രസ്. നാല് സീറ്റാണ് ആർ.ജെ.ഡിയുടെ വാഗ്ദാനം. ഇന്നും ചർച്ച തുടരും. ബീഹാറിൽ ആകെയുള്ള 40 സീറ്റിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും 17 വീതം മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സീറ്റ് ഇടതുപാർട്ടികൾക്ക്. ബാക്കി നാല് സീറ്റ് കോൺഗ്രസിന് നൽകാം.

 ഇന്ന് ആം ആദ്മിയുമായി ചർച്ച

ഡൽഹിയിലും, പഞ്ചാബിലും കോൺഗ്രസ് - ആം ആദ്മി സീറ്റ് ചർച്ച ഇന്ന് ആരംഭിക്കും. പഞ്ചാബിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് രണ്ട് പാർട്ടികളുടെയും ഘടകങ്ങൾ. അതിനാൽ യാതൊരു നീക്കുപോക്കിനും ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തയ്യാറല്ല. സീറ്റ് വീതം വയ്പ്പിനായി കോൺഗ്രസ് രൂപീകരിച്ച മുകുൾ വാസ്‌നികിന്റെ അഞ്ചംഗ സമിതിയുടെ നിലപാട് നിർണായകമാവും.

 പല സംസ്ഥാനങ്ങളിലും പ്രതിസന്ധി

തമിഴ്നാട്ടിൽ ഡി.എം.കെ, ബീഹാറിൽ ആർ.ജെ.ഡി - ജെ.ഡി.യു, ജാർഖണ്ഡിൽ ജെ.എം.എം തുടങ്ങിയവയുമായി കോൺഗ്രസിന് നിലവിൽ സഖ്യമുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ എതിർക്കുന്നവരുമായാണ് ചർച്ച നടക്കേണ്ടത്. കേരളത്തിൽ സി.പി.എം തുടങ്ങിയ 'ഇന്ത്യ' സഖ്യ പാർട്ടികളുമായി സീറ്റ് ചർച്ച ഉണ്ടാവില്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇടഞ്ഞുനിൽക്കുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസുമായി സമവായത്തിന് തയ്യാറല്ലെന്നാണ് സൂചന.