
ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടകവാശം ലഭിക്കുന്നവരെ അടക്കം യുവാക്കളെ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണത്തിന് ബി.ജെ.പി രൂപം നൽകി. ദേശീയ വോട്ടേഴ്സ് ദിനമായ ജനുവരി 24ന് കേരളത്തിൽ അടക്കം രാജ്യത്ത് 5000 ഇടങ്ങളിൽ യോഗം സംഘടിപ്പിച്ച് 50ലക്ഷം യുവ വോട്ടർമാരെ പങ്കെടുപ്പിക്കും. ഒരു യോഗത്തിൽ കോളേജ് വിദ്യാർത്ഥികളും യുവ വൈദികരും അട
ക്കം ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഡൽഹിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിനുള്ള ചുതമല ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്കാണ്.
നിയമസഭാ മണ്ഡലങ്ങളിലെല്ലാം യോഗങ്ങൾ സംഘടിപ്പിക്കും. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു മണ്ഡലത്തിൽ രണ്ടുവീതം യോഗങ്ങൾ നടത്തും. യുവമോർച്ചയ്ക്കാണ് ചുമതല. വോട്ടവകാശത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വേദികളിൽ തൽസമയം പ്രദർശിപ്പിക്കും. ജനുവരി 12 മുതൽ ജില്ലാ അടിസ്ഥാനത്തിൽ സംവാദ സദസ് സംഘടിപ്പിക്കും.
നിർമ്മാതാവ് ജി. സുരേഷ് കുമാർ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ
തിരുവനന്തപുരം: പാലക്കാട് മുൻ നഗരസഭാദ്ധ്യക്ഷ അഡ്വ. പ്രിയാ അജയനെയും സിനിമാനിർമ്മാതാവ് ജി. സുരേഷ് കുമാറിനെയും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
വളരെക്കാലം മുമ്പുമുതലേ ബി.ജെ.പി അനുഭാവിയായി അറിയപ്പെടുന്നയാളാണ് ജി. സുരേഷ് കുമാർ. ഇതാദ്യമായാണ് പാർട്ടി പദവിയിലേക്ക് വരുന്നത്. നേരത്തെ മേജർ രവിയും നടൻ ദേവനുമെല്ലാം ബി.ജെ.പിയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
മൂന്ന് വർഷക്കാലം പാലക്കാട് നഗരസഭാദ്ധ്യക്ഷയായിരുന്ന പ്രിയ അജയൻ ആർ.എസ്.എസിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്. പ്രിയ അജയൻ ഈയിടെയാണ് നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. അതിന് തൊട്ടുപിന്നാലെയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ
ചുമതലകളിൽ നിന്ന് നീക്കി
കോട്ടയം : നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാർ നിക്കോദിമോസിനെതിരെയും, മറ്റൊരു വൈദികനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ ഓർത്തഡോക്സ് സഭാ ചുമതലകളിൽ നിന്ന് നീക്കി.
നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി.എം എബ്രഹാം വാഴക്കൽ, അഡ്വ. കെ.കെ തോമസ് എന്നിവരെ നിയമിച്ചു.
ഭിന്നശേഷി കമ്മിഷണറുടെ
കാലാവധി നീട്ടി
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ കാലാവധി നീട്ടി. നിലവിൽ ഭിന്നശേഷി കമ്മിഷണറായ എസ്.എച്ച് പഞ്ചാപകേശന്റെ മൂന്ന് വർഷ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. പുതിയ ഭിന്നശേഷി കമ്മിഷണറെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും വരെ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയതായി സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ പറയുന്നു.
തമിഴ്നാട്ടിൽ
ബസ് സമരം
ഇന്നു മുതൽ
നാഗർകോവിൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് ജീവനക്കാർ ഇന്നുമുതൽ സമരം തുടങ്ങും. കേരളത്തിലേക്കുള്ള ബസ് സർവീസുകളെ ഉൾപ്പെടെ സമരം ബാധിക്കും. അതേസമയം, താത്കാലിക ജീവനക്കാരെ നിയോഗിച്ച് സർവീസ് നടത്തുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.