mullapperiya-dam

ന്യൂഡൽഹി : രാജ്യാന്തര വിദഗ്ദ്ധരെ ഉൾപ്പെടുത്തി മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ.

ഡാം ശക്തിപ്പെടുത്തൽ നടപടികൾക്ക് കേരളം തടസം നിൽക്കുന്നു. സാധനങ്ങളും,​ യന്ത്രസാമഗ്രികളും അവിടേക്ക് കൊണ്ടുപോകാൻ അനുമതി നൽകുന്നില്ല. ഡാം സുരക്ഷിതമാണ്. ആവർത്തിച്ചുള്ള കേരളത്തിന്റെ സുരക്ഷാ പരിശോധന ആവശ്യം നിലനിൽക്കില്ല. ബലപ്പെടുത്തൽ നടപടികളുമായി സഹകരിക്കാൻ കേരളത്തിന് നിർദ്ദേശം നൽകണം. അതിനുശേഷം അർത്ഥവത്തായ സുരക്ഷാപരിശോധന നടത്താം.ഇതാണ് തമിഴ്നാട് നിലപാട്.. മുല്ലപ്പെരിയാർ തകർന്ന് ഇടുക്കി ഡാമിനും കുഴപ്പമുണ്ടാകുമെന്നത് ഭാവന മാത്രമാണെന്നും തമിഴ്നാട് സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി.

രാജ്യത്ത് തന്നെ വിദഗ്ദ്ധർ ഉള്ളപ്പോൾ വിദേശത്തു നിന്ന് കൊണ്ടുവരേണ്ട കാര്യമില്ലെന്ന് തമിഴ്നാട് അറിയിച്ചു. മുല്ലപ്പെരിയാറിൽ അഞ്ച് വർഷത്തിലൊരിക്കൽ സുരക്ഷാപരിശോധന നടത്തിയാൽ മതിയാകും. അതനുസരിച്ച് 2026 ഡിസംബർ 30നകം പരിശോധന പൂർത്തിയാക്കിയാൽ മതിയാകും.

ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിൽ ഒന്ന് മുല്ലപ്പെരിയാറാണെന്ന് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ആറ് അണക്കെട്ടുകളിൽ നാലെണ്ണം ഡീകമ്മീഷനിംഗ് പ്രക്രിയയിലാണ്. സെപ്തംബറിൽ ലിബിയയിലെ രണ്ടു അണക്കെട്ടുകൾ തകർന്നപ്പോൾ 11000ൽപ്പരം ആൾക്കാർ മരിച്ചു. ന്യൂയോർക്ക് ടൈംസിൽ സെപ്തംബർ 17ന് വന്ന റിപ്പോർട്ടിൽ, ഇത്തരത്തിൽ ഭീഷണി നേരിടുന്ന ഡാമുകളിലൊന്ന് മുല്ലപ്പെരിയാറാണ്. പഴക്കമുള്ള ഡാമുകളുടെ കാര്യത്തിലെ ആശങ്ക വ്യക്തമാക്കുന്ന വാർത്ത ബിസിനസ് സ്റ്റാൻഡേർഡിലും വന്നിരുന്നുവെന്ന് കേരളം അറിയിച്ചു. എന്നാൽ,​ സുപ്രീംകോടതിയെ തെറ്രിദ്ധരിപ്പിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്നാട് വാദിക്കുന്നു.