m-shivasankar

ന്യൂഡൽഹി: ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ലൈഫ് മിഷൻ കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന് നട്ടെല്ല് ചുരുങ്ങുന്ന രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. വലതു തുടയുടെ പേശികൾ ക്ഷയിക്കുന്നുമുണ്ട്. കൂടുതൽ നേരം നിൽക്കാനും നടക്കാനും കഴിയില്ല. പുതുച്ചേരി ജിപ്മെറിൽ നടത്തിയ മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. അടുത്തയാഴ്ച പരിഗണിക്കും. ഇടക്കാല ജാമ്യം ജസ്റ്രിസ് എം.എം.സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് അതുവരെ നീട്ടി. റിപ്പോർട്ടിൽ ഇ.ഡിയുടെ നിലപാട് അന്ന് കോടതി കേൾക്കും.

2008ൽ സ്കൂട്ടർ കിക്ക് ചെയ്ത് സ്റ്രാർട്ടാക്കുന്നതിനിടെ വലതു കാലിൽ വേദനയുണ്ടായി. അതിനു ശേഷമാണ് നടുവേദന ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ജനുവരിയിൽ വലതു കാൽമുട്ടിന് പരിക്കേറ്റു. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14ന് ഇ.ഡി അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലായിരുന്നപ്പോൾ ഇടതു കൈയ്ക്ക് തോൾവരെ മരവിപ്പ് അനുഭവപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിൽ വലതു കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തി. നടുവേദന മാറാത്തതിനാൽ ഫിസിയോ തെറാപ്പി ചെയ്യുന്നു. നടുവിലും കഴുത്തിലും ബെൽറ്റ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.