
ന്യൂഡൽഹി: മലയാളി ലോംഗ് ജംപ് താരം എം.ശ്രീശങ്കർ അടക്കം കായിക താരങ്ങൾക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ കായിക അവാർഡുകൾ നൽകി. ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനത്തിന് ലഭിച്ച അർജുന അവാർഡാണ് ശ്രീശങ്കറിന് ലഭിച്ചത്. കബഡിക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചുള്ള ദ്രോണാചാര്യ ലൈഫ് ടൈം അവാർഡ് കേരളത്തിൽ നിന്ന് ഇ. ഭാസ്‌കരനും ഏറ്റുവാങ്ങി.
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സോഷ്യൽ മീഡിയ എക്‌സിൽ ശ്രീശങ്കറിനെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് അർജുന അവാർഡിന് അർഹനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി അവാർഡ് സ്വീകരിച്ചപ്പോൾ രാഷ്ട്രപതി ഭവനിൽ കരഘോഷമുയർന്നു.
മേജർ ധ്യാന് ചന്ദ് ഖേൽ രത്ന അവാർഡിന് അർഹരായ ഷട്ടിൽ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും മലേഷ്യ ഓപ്പൺ കളിക്കാൻ പോയതിനാൽ ചടങ്ങിനെത്തിയില്ല. ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ അർജുന അവാർഡ് നേടിയ ഷൂട്ടിംഗ് താരം ഇഷാ സിംഗും വന്നില്ല.
ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആർ. വൈശാലി,
അമ്പെയ്ത്ത് താരങ്ങളായ ഓജസ് പ്രവീൺ ഡിയോട്ടലെ, ശീതൾ ദേവി, അദിതി ഗോപിചന്ദ് സ്വാമി, ഗുസ്തി താരം ആന്റിം പംഗൽ, ബോക്‌സർ മുഹമ്മദ് ഹുസാമുദ്ദീൻ എന്നിവരും രാഷ്ട്രപതിയിൽ നിന്ന് അർജുന പുരസ്കാരം ഏറ്റുവാങ്ങി.ഖേൽരത്‌ന ജേതാക്കൾക്ക് 25 ലക്ഷം രൂപയും അർജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങൾക്ക് 15 ലക്ഷം രൂപയുമാണ് നൽകുന്നത്.