om-birla

ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും അതിരുകടന്ന പ്രതിഷേധങ്ങൾ നിയമനിർമ്മാണ സഭകളിലുള്ള ജനങ്ങളുടെ വിശ്വാസം കുറയ്‌ക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. ഭോപ്പാലിൽ മദ്ധ്യപ്രദേശ് നിയമസഭ അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭകളിൽ അഭിപ്രായവ്യത്യാസവും ബഹളവും കോലാഹലവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും പ്രതിഷേധങ്ങൾ അരാജകത്വത്തിലേക്ക് നയിക്കുന്നു. സമയവും വിഭവങ്ങളും നഷ്ടപ്പെടുന്നു. അഭിപ്രായവ്യത്യാസങ്ങൾ മൂലം സഭാ പ്രവർത്തനങ്ങൾ തടസപ്പെടരുത്. അച്ചടക്കത്തോടെയും പ്രതിബദ്ധതയോടെയും ഉത്പാദനക്ഷമമായ സംവാദങ്ങൾക്കായി സഭയിലെ സമയം ഉപയോഗിക്കണം.

ബഹളം മൂലം സഭ നിറുത്തിവയ്ക്കുന്നത് വർദ്ധിച്ചതിനാൽ കുറച്ച് വർഷങ്ങളായി നിയമസഭകളുടെ സിറ്റിംഗുകളുടെ എണ്ണവും ഉദ്പാദനക്ഷമതയും കുറഞ്ഞിട്ടുണ്ടെന്ന് ബിർള ചൂണ്ടിക്കാട്ടി.

നിയമനിർമ്മാണ സഭകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും അവയുടെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ഭാവി അപകടത്തിലാക്കും. ഓരോ ജനപ്രതിനിധിയും രാജ്യത്തിന്റെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും സംരക്ഷകരാണ്.

ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും ക്രിയാത്മകമായും വിധത്തിലും പൂർണ്ണ ആവേശത്തോടെയും ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് പരിപാടിയിൽ പങ്കെടുത്തു.