ram-mandir

ന്യൂഡൽഹി: ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്‌‌ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. പാർട്ടി അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു. പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബി.ജെ.പിയും ആർ.എസ്.എസും തിരഞ്ഞെടുപ്പു നേട്ടം ലക്ഷ്യമിടുകയാണെന്നും പ്രസ്‌താവനയിൽ പറയുന്നു.

ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നുണ്ടെങ്കിലും അയോദ്ധ്യയിലെ ക്ഷേത്രം ആർ.എസ്.എസും ബി.ജെ.പിയും രൂപം നൽകിയ രാഷ്ട്രീയ പദ്ധതിയാണ്. മതം വ്യക്തിപരമാണ്. 2019 ലെ സുപ്രീം കോടതി വിധിയിൽ ഉറച്ചുനിന്നും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരങ്ങളെ മാനിച്ചുമാണ് ക്ഷണം ആദരപൂർവം നിരസിക്കുന്നതെന്നും ജയ്‌റാം രമേശ് വിശദീകരിച്ചു. കോൺഗ്രസ് ക്ഷണം സ്വീകരിക്കുമോ എന്നതിലെ ആശയക്കുഴപ്പം ഇതോടെ അവസാനിച്ചു.

ചടങ്ങിൽ പങ്കെടുന്നതിനെച്ചൊല്ലി പാർട്ടിയിൽ രണ്ടഭിപ്രായമുയർന്നിരുന്നു. ഉത്തർപ്രദേശ് പി.സി.സിയും ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർസിംഗ് സുഖു, മധ്യപ്രദേശിലെ ദിഗ്‌വിജയ് സിംഗ് തുടങ്ങിയവരും പങ്കെടുക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോൾ കേരള ഘടകം അടക്കം എതിർത്തു. ക്ഷണം നിരസിക്കുന്നത് പാർട്ടി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന വടക്കേ ഇന്ത്യയിൽ തിരിച്ചടിയാകുമെന്ന് കരുതുന്ന വിഭാഗവുമുണ്ട്.

ശ്രീരാമ വിരുദ്ധരെന്ന് തെളിഞ്ഞു: ബി.ജെ.പി

ഖാർഗെ, സോണിയ, അധീർ എന്നിവർ ക്ഷണം നിരസിച്ചതിലൂടെ കോൺഗ്രസിന്റെ ശ്രീരാമവിരുദ്ധ മുഖം തെളിഞ്ഞെന്ന് ബി.ജെ.പി വക്താവും കേന്ദ്ര മന്ത്രിയുമായ സ്‌മൃതി ഇറാനി പറഞ്ഞു. ശ്രീരാമൻ സാങ്കൽപ്പിക കഥാപാത്രമാണെന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സോണിയാ ഗാന്ധി ക്ഷണം നിരസിച്ചതിൽ അതിശയിക്കാനില്ല. സനാതന ധർമ്മത്തെ പല തവണ അപമാനിച്ചതിന്റെ തുടർച്ചയാണിത്.