
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ.
വരുന്ന 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഇംഫാൽ ഈസ്റ്റിലെ ഹപ്ത കാങ്‌ജെയ്ബുംഗ് പാലസ് കോമ്പൗണ്ടിൽ നടത്താനായിരുന്നു തീരുമാനം. സംഘർഷങ്ങളുടെ സാഹചര്യത്തിൽ സുരക്ഷാ പ്രശ്‌നമുന്നയിച്ചാണ് അനുമതി നിഷേധിച്ചത്.
എന്നാൽ, അന്നുതന്നെ മറ്റൊരു വേദിയിൽ നിന്ന് യാത്ര തുടങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
അനുമതിക്കായി മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, പി.സി.സി അദ്ധ്യക്ഷൻ കെ. മേഘചന്ദ്ര സിംഗ് എന്നിവർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. വേദി മാറ്റിയാലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്‌ക്കണമെന്നുൾപ്പെടെ ചില നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.
ബി.ജെ.പി ഭയക്കുന്നു: കോൺ.
സർക്കാർ എന്തു തടസമുന്നയിച്ചാലും നിശ്ചയിച്ച സമയത്ത് യാത്ര ഇംഫാലിൽ നിന്നാരംഭിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. വേദി ഉടൻ തീരുമാനിക്കും. അനുമതി തരാത്തത് യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ന്യായ് യാത്രയ്‌ക്ക് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. മണിപ്പൂർ സർക്കാർ അവിടെ സ്വന്തം പരിപാടികൾ നടത്തുന്നുണ്ട്.
മിസ്ഡ് കാളിലൂടെ 'ന്യായ യോദ്ധാക്ക'ളാകാം
ന്യായ യാത്രയിൽ പങ്കെടുക്കാനും അനുബന്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനും ആഗ്രഹിക്കുന്ന ‘ന്യായ യോദ്ധാക്ക’ൾക്ക് 9891802024 എന്ന ഫോൺ നമ്പറിൽ മിസ്‌ഡ് കാൾ ചെയ്‌ത് രജിസ്റ്റർ ചെയ്യാം. 'യാത്ര'യുടെ ഉദ്ദേശ്യവും മുദ്രാവാക്യവും വ്യക്തമാക്കുന്ന ബുക്ക്‌ലെറ്റും www.bharatjodonyayatra.com എന്ന വെബ്‌സൈറ്റും വേണുഗോപാലും കമ്മ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശും ചേർന്ന് പ്രകാശനം ചെയ്‌തു.
മണിപ്പൂർ, നാഗാലാൻഡ്, അസാം സംസ്ഥാനങ്ങളിൽ അഭൂതപൂർവമായ ആവേശവും ഊർജ്ജവും കണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. യാത്രയ്ക്കായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒന്നാം ജോഡോ യാത്ര പോലെ രണ്ടാം യാത്രയും വൻ വിജയമാകും. എല്ലാ ‘ഇന്ത്യ’ നേതാക്കളെയും യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് വേണുഗോപാൽ അറിയിച്ചു. യാത്രയ്‌ക്കൊപ്പം 2024 ലെ പൊതുതിരഞ്ഞെടുപ്പ് ഒരുക്കവും സമാന്തരമായി നീങ്ങും. 12ന് പാർലമെന്റ് മണ്ഡലങ്ങളിലെ കോ-ഓർഡിനേറ്റർമാരുടെ യോഗം ഡൽഹിയിൽ ചേരും.