ന്യൂഡൽഹി : ബിൽക്കീസ് ബാനു കേസിൽ സുപ്രീംകോടതി വിധിപ്രകാരം ജയിലിൽ കീഴടങ്ങേണ്ട 11 കുറ്റവാളികളിൽ ഒൻപതു പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ രൺദിക്പുർ, സിംഗ്‌വാഡ് ഗ്രാമങ്ങളിൽ താമസിക്കുന്നവരാണിവർ. ഗോവിന്ദ് നയ് എന്ന കുറ്റവാളി ജനുവരി ആറിന് വീട്ടിൽ നിന്ന് പോയി. രാധേശ്യാം ഷാ 15 മാസമായി വീട്ടിൽ വന്നിട്ടില്ലെന്ന് അച്ഛൻ ഭഗവാൻദാസ് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാര്യക്കും മകനുമൊപ്പം ഗ്രാമം വിട്ടുപോയതാണ്. എവിടെയാണെന്ന് അറിയില്ല. എന്നാൽ, രാധേശ്യാം ഷാ അടക്കം മിക്ക പ്രതികളും ഞായറാഴ്ച്ച വരെ ഗ്രാമത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച്ച 11 കുറ്റവാളികളുടെയും ശിക്ഷായിളവ് റദ്ദാക്കിയ സുപ്രീംകോടതി, രണ്ടാഴ്ച്ചയ്ക്കകം ജയിലിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ ശിക്ഷായിളവിൽ തീരുമാനമെടുക്കാൻ ആ സംസ്ഥാനത്തിനാണ് അധികാരമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾ മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചേക്കുമെന്നാണ് സൂചന.

 ചിലർ ബന്ധുക്കളുടെ അടുത്ത്

കുറ്റവാളികളിൽ പലരും ബന്ധുക്കളുടെ അടുത്താണെന്ന് ഗുജറാത്ത് ദാഹോഡ് എസ്.പി ബൽറാം മീണ പറഞ്ഞു. കുറ്റവാളികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സുപ്രീംകോടതി വിധി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.പി അറിയിച്ചു.