
ലഖ്‌നൗ: ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിൽ രാജ്യത്തെ നാല് ശങ്കരാചാര്യർമാർ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതി അറിയിച്ചു. അപൂർണമായ ക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത് ശാസ്‌ത്ര വിരുദ്ധമായതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും മോദിവിരുദ്ധതയായി വിലയിരുത്തരുതെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്‌ത വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.
ഇതുപ്രകാരം ജ്യോതിർ മഠം (ജോഷിമഠ്), ഗോവർദ്ധൻ മഠം, ശൃംഗേരി ശാരദാപീഠം, ദ്വാരക ശാരദാപീഠം എന്നിവിടങ്ങളിൽ നിന്നുള്ള ശങ്കരാചാര്യൻമാർ ചടങ്ങിനെത്തില്ല.
നാല് ശങ്കരാചാര്യൻമാരെ 'മോദി വിരുദ്ധർ' ആയി കണക്കാക്കേണ്ടതില്ലെന്നും അവർ 'ശാസ്ത്ര വിധികൾക്കെതിരെ' ആകാൻ ആഗ്രഹിക്കാത്തതിനാലാണ് വരാത്തതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു. അപൂർണമായ ക്ഷേത്രത്തിലാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത്. മോദി വിഗ്രഹം കൈകൊണ്ടു തൊടുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരിയിലെ ഗോവർദ്ധൻ മഠാധിപതി നിശ്ചലാനന്ദ സരസ്വതി പ്രഖ്യാപിച്ചിരുന്നു.