
അയോദ്ധ്യ : രാംലല്ലയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ മംഗളമാകാനും ശ്രീരാമ ഭക്തരുടെ അഭിവൃദ്ധിക്കുമായി സരയൂ നദിക്കരയിൽ യാഗഭൂമി തീർത്ത് നേപ്പാളി ബാബ എന്ന ആത്മാനന്ദ് ദാസ് മഹാത്യാഗി.
നേപ്പാളിലെ 21,000 പൂജാരിമാരെയും കൂട്ടി വന്ന നേപ്പാളി ബാബ, സരയൂതീരത്ത് 11 തട്ടുകളുള്ള കൂറ്റൻ മണ്ഡപമുണ്ടാക്കി രാമനാമ മഹായജ്ഞം തുടങ്ങി. സമീപത്ത് 1008 ചെറു യാഗശാലകൾ പണിത് 1008 നർമദേശ്വർ ശിവലിംഗങ്ങൾ സ്ഥാപിച്ച് പൂജയും തുടങ്ങി. രാമക്ഷേത്രം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് നേപ്പാളി ബാബ കേരള കൗമുദിയോട് പറഞ്ഞു. ചണം കൊണ്ട് നെയ്ത വസ്ത്രമുടുത്ത് നദിക്കരയിൽ പണിത കുടിലിലാണ് ബാബ കഴിയുന്നത്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്ന അതേസമയത്ത് ഇവിടെയും പൂജകളുണ്ടാകും. അയോദ്ധ്യ അക്ഷരാർത്ഥത്തിൽ യാഗശാലയായി മാറുമെന്ന് ബാബ പറഞ്ഞു. ജനുവരി 25 വരെ നീളുന്ന മഹായജ്ഞത്തിൽ രാമ സൂക്തങ്ങൾ 24,000 തവണ ഉരുവിടും. 1008 ശിവലിംഗങ്ങളിൽ ദിവസവും പഞ്ചാമൃതം അഭിഷേകമുണ്ട്. 100 ഹോമകുണ്ഡങ്ങളിൽ ദിനവും 1100 ദമ്പതികൾ രാമമന്ത്രം ജപിച്ച് പൂജ ചെയ്യുന്നു. മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമദ നദിയിലെ കല്ലുകൾ ശേരിച്ചാണ് നർമദേശ്വർ ശിവലിംഗങ്ങൾ കൊത്തിയെടുത്തത്. നർമദേശ്വർ ശിവലിംഗങ്ങൾ ശിവ പ്രീതിക്ക് ഏറെ സവിശേഷമാണെന്ന് വിശ്വാസമുണ്ട്. യാഗം കഴിയുന്നതോടെ 1008 ശിവലിംഗങ്ങളും സരയൂവിൽ നിമജ്ജനം ചെയ്യും.
നേപ്പാളി ബാബ അയോദ്ധ്യ സ്വദേശി
നേപ്പാളി ബാബ ജനിച്ചത് അയോദ്ധ്യയിലാണെങ്കിലും ഇപ്പോൾ നേപ്പാളിലാണ് താമസം. 2015ലും സരയൂതീരത്ത് യാഗം നടത്തിയിരുന്നു. നേപ്പാൾ രാജാവാണ് തന്നെ നേപ്പാളി ബാബയെന്ന് ആദ്യം വിളിച്ചതെന്ന് ആത്മാനന്ദ് ദാസ് മഹാത്യാഗി പറയുന്നു.
നൂറേക്കറിൽ ടെന്റ് സിറ്രി
സരയൂ നദിക്കരയിലെ നൂറേക്കറിൽ പുരോഹിതർക്കും വിശ്വാസികൾക്കും താമസത്തിനും ഭക്ഷണം നൽകാനുമായി ടെന്റ് സിറ്റി നിർമ്മിച്ചു. ദിവസം 50,000 വിശ്വാസികളെ ഉൾക്കൊള്ളും. ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകാൻ സൗകര്യമുണ്ട്.