ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ സമാധാനം തിരിച്ചുവന്നതിൽ ആശങ്കപൂണ്ട പാകിസ്ഥാന്റെ ഒത്താശയോടെ അഞ്ചാറ് മാസമായി ഭീകരർ വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേനയുടെ വിന്യാസവും തയ്യാറെടുപ്പും ഉന്നത നിലയിലാണെന്നും വാർഷിക പത്രസമ്മേളനത്തിൽ സേനാ മേധാവി പറഞ്ഞു.

ജമ്മു കാശ്‌മീരിലെ രജൗരിയിലും പൂഞ്ചിലും ഭീകര പ്രവർത്തനം വർദ്ധിച്ചതിൽ പാകിസ്ഥാന്റെ പിന്തുണയുണ്ട്. നിയന്ത്രണരേഖയിൽ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കാശ്‌മീരിൽ ഭീകരത ഇല്ലാതാക്കി 2017-18ഒാടെ സമാധാനം പുനഃസ്ഥാപിച്ചതാണ്. ആ സമാധാനം തകർക്കാൻ എതിരാളികൾ നിഴൽ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ഇന്റലിജൻസ് ശക്തമാക്കി. പൊലീസും സൈന്യവുമായുള്ള ഏകോപനവും മെച്ചപ്പെടുത്തി. ഭീകരർക്കെതിരെ നാട്ടുകാരെ വിശ്വാസത്തിലെടുക്കാനും മനുഷ്യാവകാശലംഘനങ്ങൾ ഒഴിവാക്കാനും ശ്രമിക്കുന്നു. സേനകളെ നന്നായി വിന്യസിക്കും. ചില യൂണിറ്റുകൾ പുനഃക്രമീകരിക്കും.

ചൈനീസ് അതിർത്തിയിൽ തത്‌സ്ഥിതി തുടരണം

ലഡാക് അതിർത്തിയിൽ 2020 മദ്ധ്യത്തിലെ അവസ്ഥ തുടരാനായി ചൈനയുമായി ചർച്ചകൾ നടക്കുന്നു. നിയന്ത്രണ രേഖയിലെ സേനാവിന്യാസം തുടരും. 355 സൈനിക പോസ്റ്റുകളിൽ 4ജി ഏർപ്പെടുത്തും. അതിർത്തിയിലെ വ്യോമത്താവളങ്ങൾ, ഗ്രാമങ്ങൾ, ഹെലിപാഡുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുന്നു.

മണിപ്പൂരിൽ നിയന്ത്രണ വിധേയം

മണിപ്പൂരിൽ അക്രമങ്ങൾ കുറഞ്ഞു. സൈന്യവും അസം റൈഫിൾസും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു. സേന സംയമനം പാലിക്കുന്നു. കാണാതായ ആയുധങ്ങളാണ് വെല്ലുവിളി. 30ശതമാനം മാത്രമാണ് കണ്ടെടുത്തത്.

മ്യാൻമർ അതിർത്തിയിൽ ആശങ്ക

ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വംശീയ കലാപങ്ങൾ ആശങ്കപ്പെടുത്തുന്നു. ജനങ്ങൾ മിസോറാമിലും മണിപ്പൂരിലും അഭയം പ്രാപിക്കുന്നു. വിമത ഗ്രൂപ്പുകൾ അതിർത്തിയിൽ പ്രവർത്തിക്കുന്നു. അസം റൈഫിൾസിന്റെ 20 ബറ്റാലിയനുകൾ മ്യാൻമർ അതിർത്തിക്ക് കാവലുണ്ട്.

 സേനയിലെ സ്ഥാനക്കയറ്റ പരീക്ഷകൾ ഓൺലൈനിൽ.

 സേനയ്‌ക്ക് പുതിയ സാങ്കേതിക വിദ്യകൾ

ഡ്രോണുകളും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധ, ഇന്റലിജൻസ് സംവിധാനങ്ങളും

പീരങ്കി യൂണിറ്റ് പുനഃക്രമീകരിച്ചു.

രണ്ടു ബാച്ച് അഗ്‌നിവീറുകൾ സേനയിൽ.

120 വനിതാ ഓഫീസർമാരെയും വിന്യസിച്ചു.