
ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ അച്ഛനും മകനും ഉൾപ്പെടെ നാല് ഗ്രാമീണരെ കൊലപ്പെടുത്തി.
ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. ഇബോംച സിംഗ് (51), മകൻ ആനന്ദ് സിംഗ് (20), റോമൻ സിംഗ് (38), ദാരാ സിംഗ് (37) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച അടുത്തുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയ അകാസോയ് ഗ്രാമവാസികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം ഉയർന്നിരുന്നു. കുക്കി സംഘടനകളുടെ പേരിലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ മൃതദേഹങ്ങളുടെ ചിത്രങ്ങൾ വന്നതോടെ ഗ്രാമവാസികൾ പൊലീസിൽ അറിയിച്ചു.
ബിഷ്ണുപൂർ ജില്ലയിലെ കുമ്പിയിൽ നിന്ന് പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു. തീവ്രവാദികൾക്കായി സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്. അതിനിടെ, ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിൽ വെടിവയ്പുണ്ടായി. സുരക്ഷാ സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോഴും ചില പ്രദേശങ്ങളിൽ വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്.
ജനുവരി ഒന്നിന് തൗബാലിലെ ലിലോംഗ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മോറെയിൽ കഴിഞ്ഞ ദിവസം തീവ്രവാദികൾ പൊലീസിനെ ആക്രമിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറെ നേരം വെടിവയ്പ്പുണ്ടായി. അക്രമത്തിന് പിന്നിൽ മ്യാൻമറിൽ നിന്നുള്ള കൂലിപ്പടയാളികളാണെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു.