temple

ന്യൂഡൽഹി : സനാതന ധർമ്മത്തിന്റെ കാവൽ ഗോപുരങ്ങളായി ആദിശങ്കരൻ സ്ഥാപിച്ച നാല് മഠങ്ങളുടെ അധിപന്മാരായ ശങ്കരാചാര്യന്മാർ ജനുവരി 22ലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു.

നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്‌ത്ര വിധികൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും, പുരിയിലെ ഗോവർദ്ധന മഠാധിപതി നിശ്ചലാനന്ദ സരസ്വതിക്കും. നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് സരസ്വതി ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. തങ്ങൾ മോദിവിരുദ്ധരാണെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്നും ചടങ്ങ് ശാസ്‌ത്രവിധിക്ക് വിരുദ്ധമായതിനാലാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പുരി ശങ്കരാചാര്യർ, പോകില്ലെന്ന് ഇന്നലെയും ആവർത്തിച്ചു. ഗുജറാത്ത് ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ് സരസ്വതിയും ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീർത്ഥയും ചടങ്ങിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്.. 500 വർഷത്തെ പോരാട്ടത്തിന്റെ സമാപ്തിയെന്നും വിശേഷിപ്പിച്ചു. അതേസമയം, ചടങ്ങിൽ പങ്കെടുക്കുമോയെന്നത് രണ്ടു മഠാധിപതികളും സ്ഥിരീകരിച്ചിട്ടില്ല.

അദ്വാനി എത്തും

സമുന്നത ബി. ജെ. പി നേതാവ് എൽ.കെ അദ്വാനി പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ഇന്നലെ അറിയിച്ചു. ബുധനാഴ്ച അലോക് കുമാർ ആർ. എസ്. എസ് നേതാക്കൾക്കൊപ്പം അദ്വാനിയെ വസതിയിൽ പോയി കണ്ട് ചടങ്ങിന് വീണ്ടും ക്ഷണിച്ചിരുന്നു. അദ്വാനിക്കായി മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന മട്ടിലുള്ള റിപ്പോർട്ടുകൾ നേരത്തേ വിവാദമായിരുന്നു. തുടർന്ന് ഇരുവരെയും ക്ഷണിച്ചിരുന്നു. ജോഷി പങ്കെടുക്കുമോ എന്ന് ഉറപ്പായിട്ടില്ല.