
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്‌ക്ക് മണിപ്പൂരിന് പിന്നാലെ അനുമതി നിഷേധിച്ച് അസമിലെ ബി. ജെ. പി സർക്കാരും.
സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ രാത്രി കണ്ടെയ്‌നർ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അനുമതി നൽകിയില്ല. അതേസമയം ഇംഫാലിൽ മണിപ്പൂർ സർക്കാർ തടസമുന്നയിച്ചതിനെ തുടർന്ന് തൗബലിൽ ഖോങ്‌ജോം യുദ്ധസ്മാരക സമുച്ചയത്തിന് സമീപമുള്ള സ്ഥലത്ത് യാത്രയുടെ ഉദ്ഘാടനം നടത്താൻ കോൺഗ്രസ് ആലോചിക്കുന്നു.
യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് രാത്രി താമസിക്കാനുള്ള കണ്ടെയ്‌നർ വാഹനങ്ങൾ ധേമാജി ജില്ലയിലെ ഗോഗമുഖിലെ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ ആദ്യം നൽകിയ അനുമതി പിൻവലിച്ചു. ജോർഹട്ട് ജില്ലയിലെ ഒരു കോളജ് മൈതാനത്തിനും അനുമതിയില്ല. നദിമുറിച്ച് കടക്കാനുള്ള ജംഗാർ സർവീസ് നിഷേധിച്ചതായും അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. കണ്ടെയ്‌നർ പാർക്ക് ചെയ്യാൻ കൃഷിയിടങ്ങൾ തേടുകയാണെന്നും അദ്ദേഹം അറിയിച്ചു.
ക്ളാസ് നടക്കുന്ന സമയത്ത് സ്‌കൂളുകളും കോളേജുകളും മറ്റുപരിപാടികൾക്ക് വിട്ടു നൽകാറില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. ഞായറാഴ്ച തടസമില്ല. തലസ്ഥാനമായ ഗുവാഹതിയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാത്ത തരത്തിൽ യാത്ര രാവിലെ 8 മണിക്ക് മുമ്പ് പൂർത്തിയാക്കണം.
ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ഉള്ളതിനാൽ ബി.ജെ.പി ഉൾപ്പെടെ ആരുടെയും ഘോഷയാത്രകൾ നഗരത്തിനുള്ളിൽ അനുവദിക്കാറില്ല. ആംബുലൻസ് സേവനങ്ങളെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനുവരി 18 ന് അസമിൽ എത്തുന്ന യാത്ര എട്ട് ദിവസം 17 ജില്ലകളിൽ പര്യടനം നടത്തുന്നുണ്ട്.