 കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ്

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കാനുള്ള മൂന്നംഗ സെലക്‌ഷൻ കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയുള്ള ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

ചീഫ്ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം അടിയന്തമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ്‌മാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചില്ല. കേന്ദ്രത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിലപാട് അറിയാതെ സ്റ്റേ ആവശ്യം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ഏപ്രിലിൽ ഹർജി വീണ്ടും പരിഗണിക്കും മുമ്പ് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നിലപാട് അറിയിക്കണം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സെലക്‌ഷൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് സുപ്രീംകോടതി വിധിയുടെ തന്നെ ലംഘനമാണന്നാണ് പരാതി. പ്രധാനമന്ത്രി,​ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ നേതാവ്,​ കേന്ദ്രമന്ത്രി എന്നിവരടങ്ങുന്ന സെലക്‌ഷൻ കമ്മിറ്റിയെ നിർദ്ദേശിച്ചാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. ചീഫ് സജ്റ്റിസിന് പകരമാണ് കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തീരുമാനിക്കുന്നതിൽ അവസാന വാക്ക് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ നോമിനിയായ കേന്ദ്രമന്ത്രിക്കും ആയിരിക്കും. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാൻ ഒരു സ്വതന്ത്ര സംവിധാനം ഇല്ലാതായി. നിയമത്തിലെ വ്യവസ്ഥകൾ സ്വതന്ത്രവും, നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വം ലംഘിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.