
□25ന് വാദം കേൾക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി : കടമെടുപ്പ് പരിധിയിൽ നിയന്ത്രണം വച്ച കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ 25ന് സുപ്രീം കോടതി വാദം കേൾക്കും. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിക്ക് ദൂതൻ മുഖേന സമൻസ് കൈമാറാനും നിർദ്ദേശിച്ചു.
കേരളം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ കോടതിയെ അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 25ന് വാദം കേൾക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്തും, കെ.വി. വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച് തീരുമാനിച്ചത്. ജസ്റ്റിസ്
കെ.വി. വിശ്വനാഥൻ മലയാളിയാണ്.
ഹർജിയിൽ കേന്ദ്ര സർക്കിരിന്റെ മറുപടി തേടി അറ്റോർണി ജനറലിന് നോട്ടീസ്
അയക്കാനാണ് കോടതി ആദ്യം നിർദ്ദേശം നൽകിയത്.എന്നാൽ, ഇത്തരത്തിലുള്ള ഒറിജിനൽ സ്യൂട്ടിന് സമൻസാണ് അയക്കുന്നതെന്ന് കപിൽ സിബൽ കോടതിയെ ഓർമ്മിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമർപ്പിച്ചിരുന്ന ഒറിജിനൽ സ്യൂട്ടിൽ മുൻപ് അറ്റോർണി ജനറലിന് സമൻസ് അയച്ചിരുന്നു.ആത്യന്തികമായി ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കപിൽ സിബൽ അറിയിച്ചപ്പോൾ, ഭരണഘടനയിലെ അനുച്ഛേദം 293(3) ഉൾപ്പെട്ടതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. കേന്ദ്ര സർക്കാരിനോട് കട ബാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് വായ്പയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥയാണിത്.
സ്റ്റേ ആവശ്യപ്പെട്ട്
കേരളം
കടമെടുപ്പിന് പരിധി വച്ച കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രണ്ട് കത്തുകൾ അടിയന്തരമായി സ്റ്രേ ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു. 2023 മാർച്ച് 27നും, ആഗസ്റ്റ് 11നും ഇറക്കിയ കത്തുകളാണിത്. വാദം കേൾക്കുന്ന 25ന് ഇടക്കാല സ്റ്റേ നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. കേന്ദ്ര നിലപാടുകൾ കാരണം സംസ്ഥാനത്തിന് 2016 മുതൽ 2023 വരെ 1,07,513 കോടിയിൽപ്പരം രൂപയുടെ സഞ്ചിത നഷ്ടമുണ്ടായെന്ന് കേരളം ചൂണ്ടിക്കാട്ടി.
പ്രതിസന്ധി മറികടക്കാൻ 26,226 കോടി അടിയന്തരമായി വേണമെന്നും ട്രഷറി പ്രവർത്തനം തടസപ്പെടുത്തരുതെന്നുമാണ് ഹർജിയിലെ മറ്റാവശ്യങ്ങൾ.
കിട്ടേണ്ട പണം കേം
പിടിച്ചു വയ്ക്കുന്നു:
മി ബാലഗോപാൽ
കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നിസാര കാരണങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാർ പിടിച്ചു വയ്ക്കുകയാണെന്ന് ധന മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.കേരള ഇക്കണോമിക് അസോസിയേഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും സംയുക്തമായി സംഘടിപ്പിച്ച പാനൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കൈവരിച്ച നേട്ടങ്ങൾ മൈനസ് മാർക്കായി മാറുന്നു. കേരളത്തിൽ ഭൂമിവിലയും കൂലിയും കൂടുതലാണെന്നതൊന്നും പദ്ധതികൾ അനുവദിക്കുമ്പോൾ കേന്ദ്രം കണക്കാക്കുന്നില്ല. ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400കോടി ആശുപത്രികളുടെ ബ്രാൻഡിംഗിന്റെ പേരിലാണ് നൽകാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും ലൈഫ് പദ്ധതിക്കും അടക്കം തുക തടഞ്ഞുവയ്ക്കുന്നു. തനതു വരുമാനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചതു കൊണ്ടാണ് കേരളം പിടിച്ചു നിന്നത്. ഇല്ലെങ്കിൽ ശമ്പളമടക്കം മുടങ്ങുമായിരുന്നു.കേരളം കടക്കെണിയിലാണെന്ന പ്രചാരണം ശരിയല്ല. പെൻഷൻ കമ്പനിയുടെ കടം 34,000 കോടിയിൽ നിന്ന് 11,000 കോടിയായി കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.