
പണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന് വിപരീതമായിരുന്നു ഫലമെങ്കിൽ ഇന്ന് ആ സ്ഥിതി മാറി.
ഒരു യാത്ര പ്ളാൻ ചെയ്യുമ്പോൾ ആദ്യം ചിന്തിക്കുക യാത്ര തുടങ്ങുന്ന സ്ഥലത്തെയും ലക്ഷ്യസ്ഥാനത്തെയും കാലാവസ്ഥയെക്കുറിച്ചാകും. മഴപെയ്യുമോ എന്നറിഞ്ഞിട്ടു വേണം കുടയെടുക്കാൻ. മീൻപിടുത്തക്കാർക്ക് കടലിൽ പോകാനും കല്യാണത്തിന് പന്തലിടാനും വിമാനത്താവളത്തിൽ വിമാനം ഇറക്കാനുമെല്ലാം കാലാവസ്ഥ പ്രവചനം പ്രധാനമാണ്. ഇന്ന് മൊബൈൽ ഫോണിൽ ഒന്നു തൊടുമ്പോൾ തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ചറിയാം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ
അതൊക്കെ അറിയാൻ സാധാരണക്കാരെപ്പോലും പ്രാപ്‌തരാക്കിയിരിക്കുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1875 ജനുവരി 15ന് സ്ഥാപിക്കപ്പെട്ട കാലാവസ്ഥ നിരീക്ഷണ കേന്ദ്രംകാലാവസ്ഥാ പ്രവചനത്തിന്റെ 150വർഷങ്ങളാണ് ഇന്നലെ പിന്നിട്ടത്. ഇന്നലെ ഡൽഹിയിൽ നടന്ന 150-ാം വാർഷികാഘോഷം ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കൊപ്പം 'ഹർ ഹർ മൗസം, ഹർ ഘർ മൗസം' സംരംഭത്തിനും തുടക്കമായി.
ഓരോ വീട്ടിലെയും
കാലാവസ്ഥ
രാജ്യത്തിന്റെ മൊത്തത്തിലോ, ഒരു സംസ്ഥാനത്തെയോ കാലാവസ്ഥാ അവകലോകന രീതിയല്ല ഇന്ന്. ഒരു വ്യക്തിക്ക് തന്റെ വീട്, അല്ലെങ്കിൽ കൃഷിയിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കൃത്യമായ കാലാവസ്ഥ മുൻകൂട്ടി അറിയാൻ കഴിയും. ഒരു വലിയ പ്രദേശമാകെ മഴ പെയ്യുമെന്ന് പറയുന്ന പഴയ പ്രവചന രീതിയിൽ പിഴവുകൾ പതിവായിരുന്നു. അത്തരം ന്യൂനതകൾ ഉൾക്കൊണ്ടുകൊണ്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉപഗ്രഹങ്ങൾ അടക്കം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രാദേശിക കാലാവസ്ഥ വിശകലനം ഇപ്പോൾ കൃത്യമാക്കുന്നത്.
150-ാം വാർഷികത്തോടനുബന്ധിച്ച് 'ഓരോ വീട്ടിലെയും കാലാവസ്ഥ'(ഹർ ഹർ മൗസം, ഹർ ഘർ മൗസം) എന്ന പേരിൽ പഞ്ചായത്ത് തലത്തിൽ പ്രവചനത്തിന്റെ കവറേജ് വിപുലീകരിക്കുന്ന പരിപാടിക്ക് ഇന്നലെ മുതൽ തുടക്കമിട്ടു. രാജ്യത്തിന്റെ ഏത് കോണിലുമുള്ള വ്യക്തിക്കും 24 മണിക്കൂറും മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ലഭിക്കും. സ്ഥലത്തിന്റെ പേര് അല്ലെങ്കിൽ പിൻകോഡ് അല്ലെങ്കിൽ അക്ഷാംശ-രേഖാംശ വിവരങ്ങളോ നൽകിയാൽ മതി.
ചെറുകിട കർഷകരെ മികച്ച രീതിയിൽ കൃഷി ആസൂത്രണം ചെയ്യാനും പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കണ്ട് മുൻകരുതലെടുക്കാനും പദ്ധതി സഹായിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ മൃത്യുഞ്ജയ് മൊഹപാത്ര പറയുന്നു.
എല്ലാ ഗ്രാമങ്ങളിലെയും കുറഞ്ഞത് അഞ്ച് കർഷകരെ ബന്ധപ്പെടുത്തുന്ന പഞ്ചായത്ത് മൗസം സേവല (പഞ്ചായത്ത് കാലാവസ്ഥാ സേവനം) താപനില, ഈർപ്പം, കാറ്റിന്റെ വേഗത തുടങ്ങിയ എല്ലാ കാലാവസ്ഥാ വിവരങ്ങളും ലഭ്യമാക്കും. മഴയെ ആശ്രയിച്ചുള്ള കൃഷിയെ ആശ്രയിക്കുന്ന ചെറുകിട കർഷകരുടെ നഷ്ടം പരമാവധി കുറക്കലാണ് ലക്ഷ്യം. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം അടക്കം 12 ഇന്ത്യൻ ഭാഷകളിലും ഈ വിവരങ്ങൾ ലഭ്യമാകും. പഞ്ചായത്ത് സെക്രട്ടറിമാർ, സർപഞ്ചുമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവരും ഈ നെറ്റ്‌വർക്കിൽ ഉൾപ്പെടും. ഈ പദ്ധതിയിലൂടെ 10 കോടി കർഷകരിലേക്ക് വിവരങ്ങൾ എത്തിക്കാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഉദ്യേശിക്കുന്നു.
കൃഷി, ഊർജം, ദുരന്തനിവാരണം, വൈദ്യുതി, ഗതാഗതം, ആരോഗ്യം, ജലം എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും കാലാവസ്ഥാ വിവരങ്ങളും സേവനങ്ങളും നൽകാൻ കാലാവസ്ഥാ സേവനങ്ങൾക്കായുള്ള ദേശീയ ചട്ടക്കൂടും ഉടൻ തയ്യാറാകും. പ്രകൃതിക്ഷോഭങ്ങളും മറ്റുമുണ്ടാക്കുന്ന അപകടങ്ങൾ ലഘൂകരിക്കാനും വൈദ്യുതി, ആരോഗ്യം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളിലെ നഷ്ടം കുറയ്ക്കായ്‌ക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കഴിഞ്ഞതായി മൃത്യുഞ്ജയ് മൊഹപാത്ര അറിയിച്ചു.
ആധുനികതയിൽ
ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ, ഉപഗ്രഹങ്ങൾ, റഡാറുകൾ തുടങ്ങിയവ കാലാവസ്ഥാ നിരീക്ഷണ രംഗത്ത് ഇന്ത്യയ്‌ക്ക് മുന്നേറാൻ സഹായകമായി. വിവിധ കേന്ദ്രങ്ങളിലായി 39 ഡോപ്ലർ കാലാവസ്ഥാ റഡാറുകൾ, 1,000ലധികം ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകൾ, 6,000ലധികം ഓട്ടോമാറ്റിക് മഴമാപിനികൾ അടക്കം വിവരങ്ങൾ കൃത്യമായി നൽകും.
ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയവയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കരയിലും കടലിലും അന്റാർട്ടിക്കയിലെ മഞ്ഞു പാളിയിലും ആകാശത്തും സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് നിരീക്ഷണാലയങ്ങൾ, ഓസോൺ, റേഡിയേഷൻ ഒബ്സർവേറ്ററികൾ, കാലാവസ്ഥാ റഡാർ സ്റ്റേഷനുകൾ എന്നിവയുടെ ശൃംഖല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുണ്ട്. പ്രവചനങ്ങളും നിരീക്ഷണങ്ങളും വിശകലനങ്ങളും കൃത്യമാകാൻ കൽപന-1, മേഘ-ട്രോപിക്‌സ്, ഐ.ആർ.എസ് സീരീസ്, ഇൻസാറ്റ് സീരീസ് തുടങ്ങിയ ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങൾ സഹായിക്കുന്നു.
തുടക്കം
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യാ കാലാവസ്ഥാ വകുപ്പ് തുടങ്ങിയത് ബ്രിട്ടീഷുകാരാണെങ്കിലും ഉപഗ്രഹങ്ങൾ അടക്കം അത്യാധുനിക സാങ്കതിക വിദ്യയുടെ സഹായത്തോടെ ഇന്നത്തെ നിലയിലുയർത്തിയത് ഇന്ത്യക്കാരാണ്.
ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ചെന്നൈ, മുംബയ്, കൊൽക്കത്ത, നാഗ്പൂർ, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളുണ്ട്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലും അന്റാർട്ടിക്കയിലുമായി നൂറുകണക്കിന് നിരീക്ഷണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
ഇന്ത്യക്കാർക്കു പുറമെ ലോകത്തെയും കാലാവസ്ഥ അറിയിക്കുന്നുണ്ട് ഈ കേന്ദ്രം. ലോക കാലാവസ്ഥാ സംഘടനയുടെ ആറ് നോഡൽ കേന്ദ്രങ്ങളിൽ ഒന്നാണിത്. മലാക്ക കടലിടുക്ക്, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, പേർഷ്യൻ ഗൾഫ് എന്നിവയുൾപ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്കുള്ള മുന്നറിയിപ്പുകൾ നൽകി കപ്പൽ യാത്രികരെ സഹായിക്കുന്നു.
1875 ജനുവരി 15ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ഹെൻറി ഫ്രാൻസിസ് ബ്ലാൻഫോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ കാലാവസ്ഥാ റിപ്പോർട്ടറുമായി. അന്ന് കൊൽക്കത്ത കേന്ദ്രമാക്കിയാണ് കേന്ദ്രം പ്രവർത്തിച്ചത്. 1905ൽ അത് ഷിംലയിലേക്കും 1928ൽ പൂനെയിലേക്കും മാറ്റിയ കേന്ദ്രം ഒടുവിൽ 1944ൽ ന്യൂഡൽഹിയിലെത്തി.
സ്വാതന്ത്ര്യത്തിനു ശേഷം 1949 ഏപ്രിൽ 27ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലോക കാലാവസ്ഥാ സംഘടനയിൽ അംഗമായി.