അയോദ്ധ്യ: രാമക്ഷേത്രത്തിൽ 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതത്തിൽ. ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ശബ്ദ സന്ദേശത്തിലൂടെ മോദിതന്നെയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വ്രതം തുടങ്ങിയത്.
'ശുഭമുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിയുന്നത് തന്റെ ഭാഗ്യം. പ്രതിഷ്ഠാ ചടങ്ങിൽ രാജ്യത്തെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കാൻ ഈശ്വരൻ തന്നെ ഉപകരണമാക്കിയിരിക്കുന്നു. ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടുന്നു. ഈ സമയം തന്റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിലും കഴിയുന്നില്ല' എക്സ് അക്കൗണ്ടിലടക്കം അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര നിർമ്മാണവും പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടും പൗരന്മാരുടെ അഭിപ്രായങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു. തന്റെ ഔദ്യോഗിക വെബ്സൈറ്റ് പേജിൽ നിർദ്ദേശങ്ങളും വികാരവും പങ്കുവയ്ക്കാനും ആഹ്വാനം ചെയ്തു.
മോദിയെ തിരഞ്ഞെടുത്തത്
രാമൻ: അദ്വാനി
ക്ഷേത്ര നിർമ്മാണത്തിന് ശ്രീരാമൻ തിരഞ്ഞെടുത്ത ഭക്തനാണ് മോദിയെന്ന് രാമജന്മഭൂമിക്കായി രഥയാത്ര നടത്തിയ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. താൻ തേരാളി മാത്രമാണ്. തന്റെ പങ്ക് അംഗീകരിച്ചതിൽ മോദിയെ അഭിനന്ദിക്കുന്നുവെന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്വാനി പറഞ്ഞു.