
ന്യൂഡൽഹി: നാളെ മണിപ്പൂരിൽ തുടങ്ങുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ തീം ഗാനം പുത്തിറക്കി. 'സഹോ മത്, ദാരോ മത്' (സഹിക്കരുത്, ഭയപ്പെടരുത്)' എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പമുള്ള ദൃശങ്ങളിൽ വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധം, കന്യാകുമാരി-കാശ്മീർ ആദ്യ ഭാരത് ജോഡോ യാത്ര, കർഷകരുമായും തൊഴിലാളികളുമായുള്ള രാഹുലിന്റെ ചർച്ചകൾ തുടങ്ങിയവ ഉണ്ട്. വീഡിയോ സഹിതം പാർട്ടിയുടെ എല്ലാ സമൂഹ മാദ്ധ്യമ ഹാൻഡിലുകളിലും 'ഗാനം' പങ്കിട്ടു. നീതി ഉറപ്പാകും. വീടുകളിലും തെരുവുകളിലും തുടങ്ങി പാർലമെന്റ് വരെ യാത്ര തുടരുമെന്ന് ഗാനം പങ്കിട്ടുകൊണ്ട് രാഹുൽ എക്സിൽ കുറിച്ചു. 10 വർഷത്തെ അനീതിക്കെതിരെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
3 കോൺ. എം.പിമാരുടെ
സസ്പെൻഷൻ പിൻവലിക്കും
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ സസ്പെൻഡ് ചെയ്ത മൂന്ന് എം.പിമാരെ സഭയിൽ തിരികെ പ്രവേശിപ്പിക്കാൻ പ്രിവിലേജ് കമ്മിറ്റി തീരുമാനം. ഇതിനുള്ള ശുപാർശ 14ന് സ്പീക്കർക്ക് നൽകും. തുടർന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് എം.പിമാരെ തിരിച്ചെടുത്തതായി പ്രഖ്യാപിക്കും. ഡിസംബർ 18ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ. ജയകുമാർ (തമിഴ്നാട്ടിലെ നാമക്കൽ), അബ്ദുൾ ഖലീഖ് (അസാമിലെ ബാർപേട്ട), വിജയ് വസന്ത് (കന്യാകുമാരി) എന്നിവർ പ്രിവിലേജസ് കമ്മിറ്റിക്ക് മുമ്പാകെ നിരുപാധികം മാപ്പു പറഞ്ഞതിനെ തുടർന്നാണ് നടപടി. സമ്മേളനത്തിനിടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ പോഡിയത്തിന് സമീപം വന്ന് പ്രതിഷേധിച്ചതിനാണ് എം.പിമാരെ സസ്പെൻഡ് ചെയ്തത്.
പാർലമെന്റിലെ സുരക്ഷാ വീഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി സഭയ്ക്കുള്ളിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 146 എം.പിമാരെയാണ് സമ്മേളനത്തിൽ ഇരു സഭകളിലുമായി സസ്പെൻഡ് ചെയ്തത്. ഇതിൽ 100 പേരും ലോക്സഭയിൽ നിന്നാണ്. ലോക്സഭയിലെ മൂന്ന് അംഗങ്ങളുടെയും രാജ്യസഭയിലെ 12 അംഗങ്ങളുടെയും സസ്പൻഷൻ കാലാവധി തീരുമാനിക്കുന്നത് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു. മറ്റുള്ളവരെ ശൈത്യകാല സമ്മേളന കാലയളവിലേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തത്.