
ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാൻ 'ഇന്ത്യ' സഖ്യ കക്ഷി നേതാക്കൾ ഇന്ന് രാവിലെ ഒാൺലൈനിൽ യോഗം ചേരും. മുന്നണി കൺവീനറെയും ഇന്ന് നിശ്‌ചയിച്ചേക്കും. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷിനാണ് സാദ്ധ്യത. തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പങ്കെടുക്കില്ല.
സീറ്റ് വിഭജന ചർച്ചകളിലെ പുരോഗതിയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംയുക്ത റാലികളെക്കുറിച്ചുമാണ് പ്രധാന ചർച്ച. കൺവീനറെയും തിരഞ്ഞെടുത്തേക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയിൽ മുന്നണി നേതാക്കൾ പങ്കെടുക്കുന്നതും ചർച്ചയാകും.
ഇന്നലെ വൈകിട്ടാണ് കോൺഗ്രസ് നേതാക്കൾ യോഗത്തെക്കുറിച്ച് അറിയിച്ചതെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മമത പറഞ്ഞതായും തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് മാറ്റാൻ പറഞ്ഞെങ്കിലും കേട്ടില്ല. യോഗം കക്ഷി നേതാക്കളുടേതായതിനാൽ തൃണമൂൽ പ്രതിനിധിയെയും അയയ്‌ക്കില്ല. അതേസമയം യോഗത്തിൽ നിതീഷിനെ കൺവീനറായി തിരഞ്ഞെടുക്കാൻ സാദ്ധ്യതുള്ളതിനാലാണ് മമത വിട്ടു നിൽക്കുന്നതെന്ന ശ്രുതിയുമുണ്ട്. ഡൽഹി യോഗത്തിൽ മമത ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചതിൽ നിതീഷിന് അമർഷമുണ്ട്.