ram-mandir

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. 18ന് ശ്രീരാമ വിഗ്രഹം 'ഗർഭഗൃഹ'ത്തിൽ പ്രതിഷ്ഠിക്കും. ജനുവരി 22ന് ഉച്ചയ്‌ക്ക് 12.20നാണ് പ്രാണപ്രതിഷ്‌ഠയെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.

മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂർത്തിയെ ആണ് പ്രതിഷ്‌ഠിക്കുക. വാരണാസിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് പ്രാണപ്രതിഷ്‌ഠയ്‌ക്കുള്ള മുഹൂർത്തം കുറിച്ചത്. ചടങ്ങുകളുടെ മേൽനോട്ടവും ഇദ്ദേഹത്തിനാണ്. വിഗ്രഹത്തിന് 150-200 കിലോഗ്രാം ഭാരമുണ്ട്. അഞ്ചുകൊല്ലം മുൻപാണ് അരുൺ വിഗ്രഹം പൂർത്തിയാക്കിയത്. പഴയ രാംലല്ല (ബാലനായ രാമൻ) വിഗ്രഹവും സമീപത്ത് സ്ഥാപിക്കും. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ 21 വരെ തുടരും. 22 ന് ഉച്ചയ്ക്ക് 12.20ന് തുടങ്ങുന്ന പ്രാണ പ്രതിഷ്ഠ
ഒരു മണിയോടെ പൂർത്തിയാകും. 20, 21 തീയതികളിൽ പൊതുജനങ്ങൾക്ക് ദർശനമുണ്ടാകില്ല.
ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ 121 ആചാര്യന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിതാണ് മുഖ്യ കാർമ്മികൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് , ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. 150ഒാളം ആചാര്യൻമാരും സന്ന്യാസിമാരും ചടങ്ങിനുണ്ടാകും. എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. പ്രാണപ്രതിഷ്ഠ പൂർത്തിയാക്കിയ ശേഷം ദർശനം അനുവദിക്കും.

ചടങ്ങിന് മുന്നോടിയായി, സീതാ ദേവിയുടെ ജൻമസ്ഥലമെന്ന് കരുതുന്ന ജനക്പൂർ (നേപ്പാൾ), സീതാമർഹി (ബീഹാർ) എന്നിവിടങ്ങളിൽ നിന്ന് അയച്ച ഭാർ (മകളുടെ വീട് സ്ഥാപിക്കുന്ന സമയത്ത് വീട്ടുകാർ നൽകുന്ന സമ്മാനം) അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം, മണ്ണ്, സ്വർണ്ണം, വെള്ളി, രത്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കൂറ്റൻ മണികൾ, സുഗന്ധ വസ്തുക്കൾ മുതലായവ ലഭിച്ചു. റായ്‌പൂർ ദണ്ഡകാരണ്യയിലെ നാനിഹാലിൽ നിന്ന് (ശ്രീരാമന്റെ അമ്മവീട്) ആഭരണങ്ങളും കൊണ്ടുവരും.