delhi

ന്യൂഡൽഹി: അതിശൈത്യം പിടിമുറുക്കിയതോടെ ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ജനജീവിതം ദുസഹമായി. ഇന്നലെ വെളുപ്പിന് ഡൽഹിയിൽ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കനത്ത മൂടൽമഞ്ഞ് വ്യോമ-ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.

പതിവിലും മൂന്ന് ഡിഗ്രി താഴെയാണ് ഇന്നലെ ഡൽഹി സഫ്ദർജംഗിൽ രേഖപ്പെടുത്തിയ 3.8 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കുറഞ്ഞ താപനിലയ്‌ക്കൊപ്പം കനത്ത മൂടൽ മഞ്ഞും ജനജീവിതത്തെ ബാധിച്ചു. തൊട്ടടുത്തുള്ള വസ്‌തുക്കളെ പോലും കാണാൻ കഴിയാത്ത തരത്തിലായിരുന്നു ഇന്നലത്തെ മൂടൽ മഞ്ഞ്. ഇതോടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ വൈകി. വന്ദേ ഭാരത് ട്രെയിനുകളും രാജധാനി ട്രെയിനുകളും ഉൾപ്പെടെ ഡൽഹിയിലേക്കുള്ള 23 ട്രെയിനുകൾ 6 മണിക്കൂർ വരെ വൈകി. ഇതിനൊപ്പം വായു മലിനീകരണ തോതും കൂടുതലാണ്.

പഞ്ചാബിന്റെ മിക്ക ഭാഗങ്ങളിലും ഹരിയാന-ചണ്ഡീഗഢ്-ഡൽഹി, രാജസ്ഥാൻ, യുപിയുടെ ചില ഭാഗങ്ങൾ, വടക്കൻ മധ്യപ്രദേശ്, ബീഹാറിന്റെ ഒറ്റപ്പെട്ട ഭാഗങ്ങൾ എന്നിവിടങ്ങളിലും 3-7 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില.