
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെക്കുറിച്ച് അന്വേഷണം നടത്താൻ കോർപറേറ്ര് കാര്യ മന്ത്രാലയം പ്രത്യേകസംഘത്തെ നിയോഗിച്ചു. എക്സോലോജിക്കിനു പുറമേ കേരള സ്റ്റേറ്ര് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി), സ്വകാര്യ കരിമണൽ കമ്പനി എന്നിവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം നടത്തും. പൊതുതാത്പര്യത്തെ മുൻനിറുത്തിയാണ് കമ്പനീസ് ആക്ട് പ്രകാരം അന്വേഷണമെന്ന് വെള്ളിയാഴ്‌ച പുറത്തിറക്കിയ ഉത്തരവിൽ കോർപറേറ്ര് കാര്യ മന്ത്രാലയം വ്യക്തമാക്കി. എക്‌സാലോജിക്കിന് സ്വകാര്യ കരിമണൽ കമ്പനി 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് ആരോപണമുയർന്നിരുന്നു. നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്ന നിലപാടാണ് എക്‌സാലോജിക്കിന്.
 അന്വേഷണത്തിനു പിന്നിൽ
1. വീണയുടെ കമ്പനി, കെ.എസ്.ഐ.ഡി.സി, സ്വകാര്യ കരിമണൽ കമ്പനി എന്നിവയ്ക്കെതിരെ ഒട്ടേറെ പരാതികൾ
2. ബംഗളൂരുവിലെ രജിസ്ട്രാർ ഒഫ് കമ്പനീസ് ആഭ്യന്തര അന്വേഷണം നടത്തി നിയമലംഘനങ്ങൾ കണ്ടെത്തി. സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു.
3. എറണാകുളത്തെ രജിസ്ട്രാർ ഒഫ് കമ്പനീസ് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും നിർണായകമായി. സ്വകാര്യ മണൽ കമ്പനിയുടെ മറുപടി അവ്യക്തവും ഒഴിഞ്ഞുമാറുന്നതെന്നും റിപ്പോർട്ടിൽ.
4. പരാതികളുടെ അടിസ്ഥാനത്തിൽ നൽകിയ നോട്ടീസുകൾക്ക് കെ.എസ്.ഐ.ഡി.സി മറുപടി സമർപ്പിച്ചില്ലെന്ന് എറണാകുളത്തെ രജിസ്ട്രാർ ഒഫ് കമ്പനീസ്
 ഇവർ ഇൻസ്പെക്ടർമാർ
അന്വേഷണം നാലു മാസത്തികം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
1. വരുൺ ബി.എസ് - ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസ്, കർണാടക
2. കെ.എം. ശങ്കർ നാരായൺ - ഡെപ്യൂട്ടി ഡയറക്ടർ, റീജിയണൽ ഡയറക്ടർ ഓഫീസ്, ചെന്നൈ
3. എ. ഗോകുൽനാഥ് - രജിസ്ട്രാർ ഒഫ് കമ്പനീസ്, പുതുച്ചേരി