tushar-modi

ന്യൂഡൽഹി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. അരമണിക്കൂറോളം സന്ദർശനം നീണ്ടു. കേരളരാഷ്ട്രീയം, ലോക്‌സഭാ തിരഞ്ഞെടുപ്പ്, രാമക്ഷേത്ര ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാൻ കൂടുതൽ കാര്യപ്രാപ്തിയോടെയുള്ള പ്രവർത്തനങ്ങൾ എൻ.ഡി.എ യുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അതിനുതകുന്ന പരിപാടികളും പദ്ധതികളും രൂപീകരിച്ചതായും തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ അറിയിച്ചു. വരുംദിവസങ്ങളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ,​ പിയൂഷ് ഗോയൽ എന്നിവരുമായും തുഷാർ പ്രത്യേകം ചർച്ച നടത്തും. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തുഷാർ പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്. തുഷാറിന്റെ ഭാര്യ ആശ തുഷാർ, അനിരുദ്ധ് കാർത്തികേയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.