k

ഇന്ത്യയുടെ ആത്മാവിലേറ്റ മുറിവിന്റെ ആഴം കാണാൻ ഇനിയും യാത്ര വേണ്ടിയിരിക്കുന്നു. അതാണ് ഇന്നാരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ഇക്കുറി കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ ,മണിപ്പൂരിൽ നിന്ന് തുടങ്ങി 6200 കിലോമീറ്റർ നീളുന്ന യാത്ര മാർച്ച്‌ 20-ന് മുംബൈയിൽ സമാപിക്കും.

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൻ മേൽ സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് 135 ദിന രാത്രങ്ങൾ നീണ്ട ഒരു തീർഥയാത്രയായിരുന്നു ഭാരത് ജോഡോ യാത്ര. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം തൊട്ടറിഞ്ഞുകൊണ്ടായിരുന്നു കന്യാകുമാരിയിൽ തുടങ്ങിയ ആ യാത്ര കശ്മീരിൽ അവസാനിച്ചതും അവിടെ ഒരു ചരിത്രം പിറവി കൊണ്ടതും. സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പരസ്പര സംവാദത്തിന്റെയും അനന്തസാധ്യതകൾ തേടി ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ രാഹുൽ ഗാന്ധി നടന്നു. അതൊരു ചരിത്രമായി മാറുകയായിരുന്നു. അതിനൊരു തുടർച്ചയായാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് രാഹുൽ ഗാന്ധി മണിപ്പൂരിൽ തുടക്കം കുറിക്കുന്നത്.

ഭാരത് ജോഡോ യാത്രയിൽ നിന്ന് കോൺഗ്രസിനും ഈ രാജ്യത്തിനും ബോധ്യപ്പെട്ട ചില യഥാർഥ്യങ്ങളുണ്ട്. ഭരണമില്ലാത്ത കാലത്ത് പോലും ജനം ചേർത്തുപിടിക്കുന്ന പ്രത്യയശാസ്ത്രവും ആശയവുമാണ് കോൺഗ്രസിന്റേതെന്ന് ബോധ്യമുള്ള ജനത ഞങ്ങളെ ഹൃദയത്തിലേറ്റിയാണ് യാത്രയിലുടനീളം കൊണ്ടുപോയത്. എത്ര നഷ്ടങ്ങളുണ്ടായാലും കോൺഗ്രസിന്റെ പാരമ്പര്യവും പ്രത്യയശാസ്ത്രവും ഈ മണ്ണിൽ നിന്ന് വേരറ്റ് പോയിട്ടില്ലെന്ന് കാലം സാക്ഷ്യപ്പെടുത്തിയ യാത്രയായിരുന്നു ഭാരത് ജോഡോ.

'ന്യായ് കാ ഹഖ് മിൽനെ തക്' അഥവാ 'നീതി ലഭിക്കും വരെ' എന്നതാണ് രണ്ടാം പതിപ്പ് യാത്രയുടെ സന്ദേശം. അവശതകളും ദുരിതങ്ങളും അനുഭവിക്കുന്നവരുടേയും പാർശ്വവത്കരിച്ച് അകറ്റി നിർത്തപ്പെടുന്നവരുടേയും സാധാരണ ജനങ്ങളുടെയും സാമൂഹ്യ നീതിക്കായുമായുള്ള പോരാട്ടം കൂടിയാണ് ന്യായ് യാത്ര. സാമൂഹ്യവും,സാമ്പത്തികവും രാഷ്ട്രീയവും ആയ അസമത്വം പെരുകുമ്പോൾ അവിടെയെല്ലാം നീതി ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഇന്ത്യയുടെ ആത്മാവിലേറ്റ മുറിവിന്റെ ആഴം കാണാൻ ഇനിയും യാത്ര വേണ്ടിയിരിക്കുന്നു. അതാണ് ഭാരത് ജോഡോ ന്യായ് യാത്ര. ഇക്കുറി കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ. മണിപ്പൂരിൽ നിന്ന് തുടങ്ങി 6200 കിലോമീറ്റർ നീളുന്ന യാത്ര മാർച്ച്‌ 20-ന് മുംബൈയിൽ സമാപിക്കും. നടന്നും ബസിലൂടെയും സഞ്ചരിക്കുക, 14 സംസ്ഥാനങ്ങളിൽക്കൂടി. മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നത് ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. സംഘപരിവാർ പാകിയ വിദ്വേഷത്തിന്റെ വിത്തിൽ നിന്ന് മുളച്ച കലാപത്തിൽ എരിഞ്ഞടങ്ങിയ മനുഷ്യർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ഈ യാത്ര ആരംഭിക്കുന്നത്. മണിപ്പൂർ മറന്ന പ്രധാനമന്ത്രിക്കും ആ ജനതയെ തിരസ്കരിക്കുന്ന സർക്കാരിനുമുള്ള മുന്നറിയിപ്പ് കൂടിയാണ് യാത്ര. മണിപ്പൂരിൽ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശം നൽകുക എന്നതാണ് യാത്രയുടെ ആദ്യ കടമ. അതിന് ഈ രാജ്യത്തെ ജനാധിപത്യ-മതേതര വിശ്വാസികളുടെ പിന്തുണ പൂർണമായും ഉണ്ടാകുമെന്ന് കോൺഗ്രസിന് ഉറച്ച വിശ്വാസമുണ്ട്.

രാജ്യം അത്യന്തം അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യവും ഭരണഘനയും തുടർച്ചയായി വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നതും കോർപ്പറേറ്റ് വത്കരണവും അതിന്റെ പാരമ്യത്തിലെത്തി. ഫെഡറൽ തത്വങ്ങളും മതേതര മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. പ്രതിപക്ഷ ശബ്ദങ്ങൾക്ക് ഒരുവിലയും കല്‍പ്പിക്കുന്നില്ല. പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ് മോദി ഭരണകൂടത്തിന്റെ പ്രവർത്തനം. തൊഴിലില്ലായ്മ, വിലക്കയറ്റം,സാമ്പത്തിക തകർച്ച ഉള്‍പ്പെടെ ജനത്തെ വട്ടം കറക്കുന്ന നയങ്ങളും സമീപനങ്ങളുമായിട്ടാണ് കേന്ദ്ര സര്‍ക്കാർ മുന്നോട്ട് പോകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, ഭരണനേട്ടമായി മറ്റൊന്നും എടുത്തുകാട്ടാനാവാത്ത ഗതികേടിലാണ് മോദി ഭരണകൂടം അയോധ്യ രാഷ്ട്രീയം മാത്രം ഉയർത്തിപ്പിടിക്കുന്നത്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് മോദി അയോധ്യയിൽ നടത്താനൊരുങ്ങുന്നത്. അത് കൊണ്ടാണ് ശങ്കരാചാര്യർ പങ്കെടുക്കാത്തത് .പക്ഷെ, അവർക്ക് തെറ്റി. അവർ പ്രതിഷ്ഠിക്കാൻ പോകുന്ന രാമൻ, ഓരോ മനുഷ്യന്റെയും ഹൃദയത്തിലുള്ള രാമനല്ല. അവർ പ്രതിഷ്ഠിക്കാൻ പോകുന്ന രാമൻ, ഗാന്ധിജിയുടെ രാമനല്ല. ആ രാമൻ സംഘപരിവാറിന്റെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനായി സൃഷ്ടിച്ചെടുത്ത നിർമിതി മാത്രമാണ്. യഥാർത്ഥ രാമൻ നമ്മുടെയൊക്കെ ഹൃദയത്തിലാണ്.

ജാതിയും മതവും അധികാരം നേടാൻ മാത്രം ഉപയോഗിക്കുന്ന ബിജെപിയുടെ വർഗീയ രാഷ്ട്രീയം ഇന്ത്യയുടെ ദേശീയതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കാനും തന്റേടത്തോടെ നേരിട്ട് പരാജയപ്പെടുത്താനും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പുവരുത്താനും കോൺഗ്രസ് പ്രതി‍ജ്ഞാബദ്ധമാണ്. ആ കടമ സ്വയം ഏറ്റെടുത്താണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്രയുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭരണകാലയളവിൽ ബിജെപി തീർത്ത ജാതി-മതാധിഷ്ഠിത വർഗീയ മതിൽക്കെട്ട് തകർക്കാൻ പോന്നൊരു കൊടുങ്കാറ്റിന് തുടക്കം കുറിക്കൽ കൂടിയാണ് ഈ യാത്ര. വർഗീയ -ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഈ യാത്ര പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സംഖ്യത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ഉറപ്പാണ്.

ഒരിക്കൽക്കൂടി രാഹുൽ ഗാന്ധിയുടെ പിന്നിൽ ജനം നടന്നുതുടങ്ങുന്നു. സംഘപരിവാർ സൃഷ്‌ടിച്ച ഈ രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവിൽ മരുന്ന് പുരട്ടാൻ ശേഷിയുള്ള ഒരാശയവും ഒരു മനുഷ്യനും ഒരു പ്രസ്ഥാനവും ഈ രാജ്യത്തിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. രാജ്യം വീണ്ടും സ്വപ്നം കണ്ടുതുടങ്ങുന്നു. അത് യഥാർഥ്യമാക്കാനുള്ള യാത്ര കോൺഗ്രസും തുടങ്ങുന്നു.