
ന്യൂഡൽഹി: 22ലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കാഞ്ചി കാമകോടി മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിയും പങ്കെടുക്കില്ല. പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള കുംഭാഭിഷേകത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ, ക്ഷണിതാവാക്കിയതിനാലാണ് പിന്മാറ്റം. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നിർബന്ധം പിടിച്ചെന്ന് കാട്ടി ശങ്കരാചാര്യരുടെ വിശ്വസ്തൻ ബി. ശ്രീധർ നരേന്ദ്രമോദിക്ക് കത്തെഴുതി. മുൻ മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി രാമക്ഷേത്രം സാക്ഷാത്കരിക്കാൻ നടത്തിയ ശ്രമങ്ങളെ അവഗണിച്ചിരിക്കുന്നു. ലജ്ജാകരമായ സാഹചര്യമൊഴിവാക്കാൻ കാഞ്ചി മഠാധിപതിയുടെ മുഴുവൻ പരിവാരങ്ങളും അയോദ്ധ്യയിൽ നിന്ന് മടങ്ങാൻ തീരുമാനിച്ചുവെന്നും കത്തിൽ അറിയിച്ചു. അതേസമയം മഠത്തിന്റെ കാശിയിലെ യജ്ഞശാലയിൽ 40 ദിവസത്തെ പ്രാർത്ഥനാ ചടങ്ങുണ്ടാകും.
പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്‌ത്ര വിധികൾക്ക് വിരുദ്ധമാണെന്ന നിലപാട് പുരിയിലെ ഗോവർദ്ധന മഠാധിപതി നിശ്ചലാനന്ദ സരസ്വതി ഇന്നലെയും ആവർത്തിച്ചു. ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതിയും ഇതേ നിലപാടിലാണ്. ഗുജറാത്ത് ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ് സരസ്വതിയും ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീർത്ഥയും ചടങ്ങിനെ സ്വാഗതം ചെയ്‌തതോടെ നാല് പേർക്കുമിടയിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാലിത് പുരി ശങ്കരാചാര്യർ തള്ളി.
രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും വരില്ല
രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയും ഉദ്ഘാടനത്തിന് ക്ഷണിച്ചുവെന്ന് വി.എച്ച്.പി ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ അറിയിച്ചു. എന്നാൽ പ്രോട്ടോകോൾ വിഷയങ്ങൾ കാരണം രണ്ടുപേരും വരില്ല. മറ്റൊരു ദിവസം അവർ ക്ഷേത്രം സന്ദർശിക്കും. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനും മായാവതിക്കും ക്ഷണക്കത്തയച്ചു.
സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടലും
അയോദ്ധ്യ വികസനത്തിലേക്കെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എട്ട് പുതിയ ഹോട്ടലുകൾ നിർമ്മാണത്തിലാണ്. സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ അടക്കം 25 പ്രൊപ്പോസൽ സർക്കാരിന് മുന്നിലുണ്ട്. ഫ്രാൻസിലാണ് സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടലിന്റെ പ്രഖ്യാപനം. അയോദ്ധ്യയിൽ എല്ലാ വർഷവും ജനുവരി 22ന് പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും.
ഫോട്ടോ ക്യാപ്ഷൻ : അയോദ്ധ്യയിൽ നിർമ്മിക്കാൻ ഉദ്ദ്യേശിക്കുന്ന സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടലിന്റെ മാതൃകയെന്ന മട്ടിൽ പുറത്തുവന്ന ചിത്രം