britain-and-india

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ ബ്രിട്ടീഷ് ഹൈകമ്മിഷണർ സന്ദർശനം നടത്തിയതിനെ ശക്തമായ സ്വരത്തിൽ അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ പരമാധികാരത്തിലേക്കും പ്രാദേശിക അഖണ്ഡതയിലേക്കുമുള്ള ആക്ഷേപകരമായ കടന്നുകയറ്റമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയട്ട് പത്തിന് പാക് അധീന കാശ്മീരിലെ മിർപുരിൽ സന്ദർശനം നടത്തിയിരുന്നു. പ്രതിഷേധം വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മിഷണർ അലക്സ് എല്ലിസിനെ അറിയിച്ചു. പാക് അധീന കാശ്മീർ കൂടി അടങ്ങിയ അതിർത്തി രാജ്യാന്തര സമൂഹം അംഗീകരിക്കണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ യു.എസ് നയതന്ത്ര സംഘം പാക് അധീന കാശ്‌മീരിലെത്തി ജനങ്ങളുമായി സംവദിച്ചതിൽ വിദേശകാര്യ മന്ത്രാലയം എതിർപ്പ് അറിയിച്ചിരുന്നു.