
അയോദ്ധ്യ: നൂറ്റാണ്ടുകളായി ശ്രീരാമ ഭക്തർ സ്വപ്നം കണ്ടിരുന്ന ധന്യമുഹൂർത്തമെത്തി. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ മുഖംതന്നെ മാറ്റിമറിക്കാൻ വഴിയൊരുക്കിയ ക്ഷേത്രമാണ് ഇന്ന് യാഥാർത്ഥ്യമാവുന്നത്.
ശ്രീരാമകീർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്നുച്ചയ്ക്ക് 12.20നും 12.45നും ഇടയ്‌ക്ക് നടക്കും. ഭഗവാന്റെ മിഴി തുറക്കാൻ സ്വർണ സൂചിയിൽ അഞ്ജനമെടുത്ത് കണ്ണെഴുതുമെന്നാണ് റിപ്പോർട്ട്. വിഗ്രഹത്തിന്റെ വശത്തുനിന്നുകൊണ്ടാകും ഇത്. അതോടെ മിഴിതുറക്കുന്ന രാംലല്ല വിഗ്രഹം പൂർണതേജസോടെ ദേവനായി മാറുമെന്നാണ് വിശ്വാസം. അതോടെ ഭക്തർക്ക് പ്രാർത്ഥനകൾ ദേവനു മുന്നിൽ സമർപ്പിക്കാം. അഞ്ചു വയസുകാരന്റെ ഓമനത്തവും തേജസുമുള്ള രാംലല്ല അനുഗ്രഹം ചൊരിയുമെന്നും പുരോഹിതർ പറയുന്നു.
പ്രാണപ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള 14 ദമ്പതികൾ 'മുഖ്യ യജമാൻ' പദവിയിൽ ചടങ്ങിനുണ്ടാകും.
ഉറങ്ങാതെ അയോദ്ധ്യ
അയോദ്ധ്യ ഇന്നലെ ഉറങ്ങിയിട്ടില്ല. പ്രാണപ്രതിഷ്ഠയ്ക്ക് അണിഞ്ഞൊരുങ്ങിയ നഗരം ഉത്സവലഹരിയിൽ. ഭക്തരുടെ പ്രവാഹമാണെവിടെയും. 100ൽപ്പരം സ്റ്റേജുകളിലായി 2500ലേറെ കലാകാരന്മാരുടെ പ്രകടനങ്ങൾ. എവിടെയും ശ്രീറാം വിളി, പ്രസാദ വിതരണം. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളൊന്നും ഭക്തരെ അലട്ടുന്നില്ല. കിലോമീറ്ററുകൾ നടന്നാണ് അവരെത്തുന്നത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ തുടങ്ങിയ വേഷങ്ങൾ ധരിച്ച കലാകാരന്മാരെ നിരത്തുകളിൽ കാണാം. രാത്രിയിൽ വീടുകളിൽ പ്രാർത്ഥനകളും പൂജകളും നടന്നു. ദീപാലങ്കാരങ്ങളാണ് എങ്ങും. രാമക്ഷേത്രം ദീപപ്രഭയിൽ മുങ്ങി. പാസ് ഉള്ളവർക്കുമാത്രമേ ഇന്ന് ക്ഷേത്ര മേഖലയിലേക്ക് പ്രവേശനമുള്ളൂ.
മോദി 10.25ന് അയോദ്ധ്യയിൽ
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 11 ദിവസത്തെ വ്രതത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയിൽ ചെലവിടും. രാവിലെ 10.25ന് അയോദ്ധ്യ വിമാനത്താവളത്തിലെത്തും. 10.55 ഓടെ ക്ഷേത്രത്തിൽ. പ്രാണപ്രതിഷ്ഠയ്ക്കുശേഷം ഒരു മണിയോടെ യോഗ സ്ഥലത്തേക്ക്. യോഗത്തിനുശേഷം അയോദ്ധ്യയിലെ കുബേർ ടില ക്ഷേത്രത്തിൽ പ്രാർത്ഥിക്കും. പിന്നീട് ഡൽഹിക്ക് മടങ്ങും.
50 വാദ്യങ്ങളുടെ 'മംഗൾ ധ്വനി'
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ 50ൽപ്പരം വാദ്യ ഉപകരണങ്ങളുടെ 'മംഗൾ ധ്വനി' സംഗീത വിരുന്നുണ്ട്. സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെയാണിത്.
പഴുതടച്ച് സുരക്ഷ
നഗരത്തിൽ 13,000 സുരക്ഷാഭടന്മാരുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സി.സി.ടി.വികൾ. വി.ഐ.പികൾ പോകുന്ന മേഖലകളിൽ പെട്രോളിംഗ് ഊർജ്ജിതം. ക്ഷേത്രത്തിന് ചുറ്രും യു. പി പൊലീസ്, യു.പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്, സി.ആർ.പി.എഫ് എന്നിവയുടെ സുരക്ഷയുണ്ട്. യു.പി ഭീകരവിരുദ്ധ കമാൻഡോകൾ റോന്ത് ചുറ്റുന്നുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്ക്വാഡും ഉണ്ട്.
തത്സമയംകാണാം
അയോദ്ധ്യ : പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേഷണം കാണാൻ വിപുലമായ സൗകര്യമൊരുക്കി.
ദൂരദർശൻ നാഷണൽ, ദൂരദർശൻ ന്യൂസ് ചാനലുകൾ ഫോർ കെ ക്വാളിറ്രിയിലാണ് സംപ്രേഷണം ചെയ്യുന്നത്.
ദൂരദർശൻ ന്യൂസ് യൂട്യൂബ് ചാനലിലും കാണാം.