flag
f

മോദിക്ക് മണിപ്പൂരിൽ

വരാൻ നേരമില്ല: ഖാർഗെ

യാത്ര ജനങ്ങളുടെ മൻ കീ ബാത്ത്

അറിയാൻ: രാഹുൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ ആവേശകരമായ തുടക്കം. മണിപ്പൂർ സർക്കാർ 3000പേർ പങ്കെടുക്കാനാണ് അനുമതി നൽകിയതെങ്കിലും പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടന ചടങ്ങിനെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ ജനങ്ങളിലേക്ക് നേരിട്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്. തൗബാലിലെ ഖോങ്‌ജോമിലെ ന്യായ് മൈതാനിയിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ളാഗ് ഓഫ് ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചുകൊണ്ടാണ് ഖാർഗെയും രാഹുൽ ഗാന്ധിയും പ്രസംഗിച്ചത്. ബീച്ചുകളിൽ കറങ്ങാനും കടലിൽ വിനോദിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി, മണിപ്പൂരിലെ ദുരിതബാധിതരെ ഒരിക്കൽപ്പോലും സന്ദർശിച്ചില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിന്റെ കണ്ണു തുടയ്ക്കാൻ വരാത്ത മോദിയും ആർ.എസ്.എസും അവരെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ലേയെന്ന് രാഹുൽ ചോദിച്ചു. തന്റേത് പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' പോലെയല്ലെന്നും ജനങ്ങളുടെ മൻ കി ബാത്ത് (മനസിലുള്ളത്) കേൾക്കാനാണെന്നും വ്യക്തമാക്കി. ജനങ്ങൾ പറയുന്നതുകേട്ട് കോൺഗ്രസ് പുതിയ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കും.

മണിപ്പൂർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വെറുപ്പിന്റെ രാഷ്‌ട്രീയത്തിന് ഉദാഹരണമാണ്. മണിപ്പൂരിന് നഷ്ടമായ സൗഹാർദ്ദവും സ്‌നേഹവും അടക്കം തിരിച്ചു നൽകാനാണ് യാത്ര. മണിപ്പൂരിനു നേരിടേണ്ടിവന്ന തികഞ്ഞ അനീതി രാജ്യത്തെമ്പാടും നടന്നതിന്റെ തുടർച്ചയാണ്. രാഷ‌്ട്രീയ, ഭരണ സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ദുർബ്ബല വിഭാഗങ്ങൾക്ക് അടക്കം പരിഹാരം തേടിയാണ് യാത്ര. കർഷകരുടെയും ചെറുകിട തൊഴിലാളികളുടെയും വനിതകളുടെയും പ്രശ്‌നങ്ങൾ കേൾക്കും. വെറുപ്പും ഏകാധിപത്യവുമല്ല, രാജ്യം ആഗ്രഹിക്കുന്ന സ്നേഹ സന്ദേശമാണ് യാത്രയുടേതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മുതിർന്ന നേതാക്കൾ, മുഖ്യമന്ത്രിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, പി.സി.സി പ്രസിഡന്റുമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരും ചടങ്ങിനെത്തി.

എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനു പുറമേ, കേരളത്തിൽ നിന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പങ്കെടുത്തു.

ഹിന്ദി ബെൽറ്റിൽ

58 മണ്ഡലങ്ങളിലൂടെ

ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 58 പ്രമുഖ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. യു.പിയിൽമാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി, സോണിയാഗാന്ധിയുടെ റായ്ബറേലി, രാഹുലിന്റെ മുൻ മണ്ഡലം അമേഠി, കൂടാതെ അലഹബാദ്, ഫുൽപൂർ, ലഖ്‌നൗ എന്നിങ്ങനെ 28 ലോക്‌സഭാ മണ്ഡലങ്ങളിലെത്തും. 15 സംസ്ഥാനങ്ങളിലൂടെ 6,700 കിലോമീറ്റർ സഞ്ചരിച്ച് മാർച്ച് മൂന്നാം വാരം മുംബയിൽ സമാപിക്കും. 66 ദിവസത്തെ യാത്ര മൊത്തം 100 ലോക്‌‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും.