
ന്യൂഡൽഹി: ബി.ജെ.പി നടപ്പാക്കിയ വിദ്വേഷത്തിന്റെയും അനീതിയുടെയും പ്രത്യയശാസ്‌ത്രം രാജ്യത്തിന് നൽകിയ വേദനകൾ നേരിട്ടറിയാനും പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വെറുപ്പിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ പ്രതീകമാണ് മണിപ്പൂർ. സംസ്ഥാനത്ത് നിലനിന്ന ഐക്യവും സമാധാനവും സ്നേഹവും ഞങ്ങൾ തിരികെ കൊണ്ടുവരും. രാജ്യത്തിന്റെ ഭരണ സംവിധാനത്തിൽ പങ്കില്ലാതെ പുറത്താക്കപ്പെടുന്ന താണ ജാതിക്കാർക്കും ദളിതർക്കും ഗോത്രവർഗക്കാർക്കും വേണ്ടിയാണ് യാത്ര.
കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവരാണ് യാത്രയുടെ ലക്ഷ്യം. യോജിപ്പിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കും.
മൂടൽ മഞ്ഞ് കാരണം രാഹുൽ ഗാന്ധിയടക്കം ഡൽഹിയിൽ നിന്നുള്ള നേതാക്കൾ വൈകിയാണ് ഇംഫാലിൽ എത്തിയത്. ചടങ്ങിന് മുൻപ് രാഹുൽ ഗാന്ധി ഖോങ്‌ജോം യുദ്ധസ്മാരകത്തിൽ 1891-ലെ ആംഗ്ലോ-മണിപ്പൂർ യുദ്ധ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വയനാട്ടിലെ
മുള ഷാൾ
ഉദ്ഘാടന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ്, എംപിമാരായ ആന്റോ ആന്റണി, ജെബി മേത്തർ, അടുർ പ്രകാശ് എന്നിവരും പങ്കെടുത്തു. എം.എൽ.എമാരായ എ.പി അനിൽകുമാർ , ടി സിദ്ദിഖ് ,ഐ.സി ബാലകൃഷ്ണൻ എന്നിവർ വേദിയിൽ രാഹുൽഗാന്ധിയെ വയനാട്ടിൽ നിന്നു കൊണ്ടുവന്ന മുളയിൽ തീർത്ത ഷാൾ അണിയിച്ചു. ആദ്യ യാത്രയിൽ പങ്കെടുത്ത അഡ്വ. അനിൽ ബോസ്, ഹസൻ അമാൻ, ഷീബ രാമചന്ദ്രൻ , ഷാജിദാസ്,രാജു പി നായർ , സുമേഷ് അച്യുതൻ തുടങ്ങിയവരും പങ്കെടുത്തു
രാഷ്ട്രീയത്തിൽ ബി.ജെ.പി
മതം കലർത്തുന്നു:ഖാർഗെ
ഫാസിസ്റ്റ് ശക്തികളെ തടയാനും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനും ഭാവിതലമുറയുടെ ജീവിതവും തൊഴിലും കെട്ടിപ്പടുക്കുന്നതിനുമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
ബി.ജെ.പി മതം രാഷ്ട്രീയത്തിൽ കലർത്തുകയാണെന്ന് രാമക്ഷേത്ര വിഷയം പരോക്ഷമായി സൂചിപ്പിച്ച് ഖാർഗെ പറഞ്ഞു. മതനിരപേക്ഷതയ്ക്കും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത്. അതു നേടിയെടുക്കലാണ് യാത്രയുടെ ലക്ഷ്യം.നീതി തേടുന്ന വനിതാ ഗുസ്തിക്കാർക്കും പിന്തുണ നൽകുന്നുവെന്ന് ഖാർഗെ പറഞ്ഞു.