
ന്യൂഡൽഹി: അതിശൈത്യത്തെ തുടർന്നുള്ള മൂടൽമഞ്ഞ് ഡൽഹിയിൽ വിമാന-ട്രെയിൻ ഗതാഗതം താറുമാറാക്കി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ, വൈകുകയോ ചെയ്‌തു. വിമാനം വൈകിയത് അറിയിക്കുന്നതിനിടെ ഡൽഹി-ഗോവ ഇൻഡിഗോ വിമാന പൈലറ്റിനെ കയ്യേറ്റം ചെയ്‌ത യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്‌തു.
ഇന്നലെ മൂടൽമഞ്ഞ് കുറവായിരുന്നെങ്കിലും ഡൽഹി വിമാനത്താവളത്തിൽ 168 വിമാനങ്ങൾ വൈകി. 84 സർവീസുകൾ റദ്ദാക്കി. ഡൽഹി-കൊൽക്കത്ത വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.
മൂടൽമഞ്ഞിനെ നേരിടാൻ നാലാം റൺവേ
മൂടൽമഞ്ഞിൽ സർവീസുകൾ അവതാളത്തിലായതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണത്തിലിരിക്കുന്ന നാലാം റൺവേ വേഗത്തിൽ പൂർത്തിയാക്കി തുറന്നു കൊടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർദ്ദേശിച്ചു. പ്രതികൂല കാലാവസ്ഥയിൽ സർവീസ് നടത്താൻ കഴിയുന്ന സി.എ.ടി -3 സംവിധാനം പുതിയ റൺവേയിൽ ഒരുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള വിമാനം റദ്ദാക്കലും കാലതാമസവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ വിമാന കമ്പനികൾക്ക് മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
യാത്രക്കാരൻ അക്രമാസക്തനായി
ഞായറാഴ്ച ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം 13മണിക്കൂറോളം വൈകിയത് വിശദീകരിക്കുന്നതിനിടെ കോ-ക്യാപ്റ്റൻ അനുപ് കുമാറിനെ കയ്യേറ്റം ചെയ്‌ത യാത്രക്കാരൻ സാഹിൽ കഠാരിയയെ പൊലീസിന് കൈമാറി. ഇയാൾക്ക് ഭാവിയിൽ വിമാന യാത്ര നിഷേധിക്കുന്ന 'നോ ഫ്ളൈ' പട്ടികയിൽപ്പെടുത്തും. യാത്രക്കാരൻ പൈലറ്റിനെ തല്ലുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഞായറാഴ്ച ഡൽഹിയിൽ 110 വിമാനങ്ങൾ വൈകുകയും 79 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.