
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി പ്രഖ്യാപിച്ചു. 'ഇന്ത്യ"മുന്നണിയിൽ ചേരില്ല. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സഖ്യ സാദ്ധ്യതകളെക്കുറിച്ച് മായാവതി മൗനം പാലിച്ചു. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. 68-ാം ജന്മദിനത്തിൽ ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മായാവതിയുടെ പ്രഖ്യാപനം.
അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിലെ സഖ്യ നീക്കങ്ങളിലൂടെ പാർട്ടിക്ക് നഷ്‌ടം മാത്രമാണുണ്ടായത്. അത്തരം ചർച്ചകൾ തിരഞ്ഞെടുപ്പിന് ശേഷം നടത്തും. ദളിത്, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങളുടെ പിന്തുണയോടെയാണ് 2007ൽ ബി.എസ്.പി ഭരണത്തിലേറിയത്. അതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം.
2019ൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്ന മായാവതി പക്ഷേ ഇക്കുറി അഖിലേഷ് യാദവിനെ വിശ്വസിക്കാനാകില്ലെന്ന് പറഞ്ഞു. അഖിലേഷ് ഓന്തിനെപ്പോലെ നിറംമാറുന്നയാളാണെന്നും മായാവതി ആരോപിച്ചു. 2019ൽ ബി.എസ്.പി 10 സീറ്റിലാണ് ജയിച്ചത്. അയോദ്ധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.