
ന്യൂഡൽഹി: വംശീയ കലാപം പിടിമുറുക്കിയ മണിപ്പൂരിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനമായ ഇന്നലെ നാഗാലാൻഡിൽ പ്രവേശിച്ചു. മണിപ്പൂരിലെ മെയ്‌തി, കുക്കി, നാഗ വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിച്ചു.
ജോഡോ ബസിൽ നിന്ന് ജനങ്ങൾക്കിടയിലിറങ്ങി പ്രശ‌്നങ്ങൾ ചോദിച്ചും ദുരിതമനുഭവിക്കുന്ന വിഭാഗങ്ങങ്ങളെ ആശ്വസിപ്പിച്ചുമാണ് രാഹുൽ മണിപ്പൂരിൽ യാത്ര പൂർത്തിയാക്കിയത്. പ്രദേശത്ത് സമാധാനവും സൗഹാർദ്ദവും തിരിച്ചു കൊണ്ടുവരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി. ഞായറാഴ്‌ച ഇംഫാലിൽ നിന്ന് തുടക്കമിട്ട യാത്ര ആദ്യ ദിവസം മെയ്‌തി മേഖലകളിലൂടെയാണ് കടന്നുപോയത്. ഇന്നലെ രാവിലെ എട്ടിന് ഇംഫാലിന് പടിഞ്ഞാറുള്ള സെക്‌മയിൽ നിന്ന് ആരംഭിച്ച യാത്ര കാംഗ്‌പോംക്‌പി, സേനാപതി തുടങ്ങിയ കുക്കി, നാഗ മേഖലകൾ ചുറ്റി വൈകിട്ട് മണിപ്പൂർ-നാഗാലാൻഡ് അതിർത്തിയിലെ മാവോ ഗേറ്റിൽ സമാപിച്ചു. നാഗലാൻഡ് ഖുസാമാ മൈതാനിയിലാണ് രാത്രി വിശ്രമം.
ഇന്നലെ രാവിലെ കാംഗ്‌പോംക്‌പിയിൽ ബസിനു മുകളിലെ താത്‌കാലിക വേദിയിൽ നിന്ന് രാഹുൽ പ്രസംഗിച്ചു. യാത്രകടന്നു പോകുന്ന റോഡിന് ഇരുവശവും ആളുകൾ ദേശീയ പതാകയുമേന്തി അഭിവാദ്യമർപ്പിച്ചു. തുടർന്ന് അദ്ദേഹം ബസിൽ നിന്നിറങ്ങി
അവരോട് സംവദിച്ചു. സെൽഫികളെടുത്തു. മിക്ക സ്ഥലങ്ങളിലും രാഹുൽ നടന്നാണ് പോയത്.
നിരവധി പ്രമുഖരുമായും രാഹുൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് നാഗാലാൻഡിൽ പര്യടനം നടത്തുന്ന യാത്ര നാളെ അസാമിലെത്തും.
വേദന തിരിച്ചറിയുന്നു
മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ രാജ്യത്തിന് കാണിച്ചു കൊടുക്കാനാണ് യാത്ര ഇവിടെ നിന്ന് തുടങ്ങിയതെന്ന് രാഹുൽ പറഞ്ഞു. കണ്ടുമുട്ടുന്നവർ അവർ അനുഭവിച്ച വേദനയും ദുരന്തവും പങ്കിടുന്നു. അക്രമത്തിൽ കുടുംബാംഗങ്ങളും സ്വത്തും നഷ്ടപ്പെടുന്നതിന്റെ വേദന തനിക്ക് മനസ്സിലായെന്നും പറഞ്ഞു.