rajnath

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം പാരമ്പര്യത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം കണ്ടുപിടിത്തങ്ങളിലൂടെയും ആശയങ്ങളിലൂടെയും മാറ്റം കൊണ്ടുവരികയും ചെയ്യുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഉത്തർപ്രദേശിലെ ലക‌്നൗ കന്റോൺമെന്റിൽ 76-ാമത് കരസേനാ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ സായുധ സേനാ ദിനം ഡൽഹിക്ക് പുറത്ത് ആഘോഷിക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തെയും സൈനിക പുരോഗതിയെയും സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടാണ്.

പാരമ്പര്യത്തെ അവഗണിക്കാനാകില്ല. ഡ്രോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കം ആധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും സൈന്യം വിന്യസിക്കുന്നു. സൈനിക അഭ്യാസങ്ങൾ യുവാക്കൾക്ക് പ്രചോദനമാകും.

ജീവൻ അടിയറവ് വച്ചും മാതൃരാജ്യത്തെ സൈനികൻ സംരക്ഷിക്കുന്നു. അയൽപക്കത്ത്, സൈന്യം ഭരണഘടനാ മൂല്യങ്ങൾ അവഗണിക്കുമ്പോൾ അത്തരം മൂല്യങ്ങളോടുള്ള ഇന്ത്യൻ സൈന്യത്തിന്റെ മമത താരതമ്യപ്പെടുത്താനാകില്ല. സായുധ സേനയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുന്ന ഫണ്ട് ധനമന്ത്രാലയം അനുവദിക്കുന്നു. ഇത് സൈനികരോടുള്ള സർക്കാരിന്റെ അർപ്പണബോധത്തിന്റെ പ്രതീകമാണ്.

വിമുക്തഭടന്മാരുടെ ക്ഷേമത്തിലും സർക്കാർ ശ്രദ്ധിക്കുന്നു. ചടങ്ങിൽ സേനാ ദിന തപാൽ കവർ പുറത്തിറക്കി.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാമായി 'ശൗര്യ സന്ധ്യ' സൈനിക, യുദ്ധ പ്രദർശനവും

കളരിപ്പയറ്റ്, ഗട്ക, തുടങ്ങിയ ആയോധന കലകളും

കരസേനാ ഡെയർഡെവിൾസ് മോട്ടോർസൈക്കിൾ ടീമിന്റെ അഭ്യാസവും അരങ്ങേറി. ആകാശ് മിസൈലുകൾ, കെ 9 വജ്ര, ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾ, ബോഫോഴ്സ് തോക്കുകൾ, പീരങ്കി ആയുധ സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രദർശനം നടന്നു.

1949ൽ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫായിരുന്ന ജനറൽ സർ എഫ്.ആർ.ആർ ബുച്ചറിൽ നിന്ന് ജനറൽ കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡർ ചുമതല ഏറ്റെടുത്ത ദിവസത്തിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15ന് സേനാദിനം ആചരിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് സൈനിക ദിന പരേഡ് ഡൽഹിക്ക് പുറത്ത് നടക്കുന്നത്. കഴിഞ്ഞ വർഷം ബംഗളൂരുവിലായിരുന്നു.