sc

ന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കത്തിൽ സുപ്രീംകോടതി ഇടപെടൽ. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ അഭിഭാഷക കമ്മിഷന്റെ പരിശോധന നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ചിന്റെ നടപടി. 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ, ആ സ്ഥിതിയിൽ തന്നെ തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. മസ്ജിദ് പൊളിക്കണമെന്ന ഹർജികൾ തള്ളണമെന്ന തങ്ങളുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതിൽ തീരുമാനമെടുക്കും മുൻപ് പരിശോധന നടത്താൻ ഉത്തരവിട്ടുവെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. തസ്നീം അഹമ്മദി സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതിക്ക് വാദം കേൾക്കൽ തുടരാം. ക്ഷേത്രമൂർത്തിയായ ശ്രീകൃഷ്ണ വിരാജ്മനെ ഒന്നാം കക്ഷിയാക്കി ആറുപേർ സമർപ്പിച്ച അപേക്ഷയിലായിരുന്നു അലഹബാദ് ഹൈക്കോടതി പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഈ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജനുവരി 23നകം മറുപടി സമർപ്പിക്കണം. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 13.37 ഏക്കർ ഭൂമിയാണ് തർക്കപ്രദേശം.

ഗ്യാൻവാപി: വുദുഖാന
വൃത്തിയാക്കാൻ അനുമതി

ന്യൂഡൽഹി : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന വുദുഖാന (വാട്ടർ ടാങ്ക്)​ വൃത്തിയാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഹൈന്ദവ കക്ഷികളുടെ അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മീനുകൾ ചത്തുകിടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. മസ്ജിദ് കമ്മിറ്രി എതിർത്തില്ല. ഈ ആവശ്യം വാരാണസി ജില്ലാ കളക്ടർക്ക് മുന്നിൽ വച്ചിരുന്നതായി കമ്മിറ്റി അറിയിച്ചു. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കണം വൃത്തിയാക്കലെന്ന് കോടതി നിർദ്ദേശിച്ചു.

പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സ്ഥലമാണ് വുദുഖാന. അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹൈന്ദവ കക്ഷികൾ വാദിക്കുന്നത്. അത് ജലധാരയാണെന്ന് മസ്ജിദ് കമ്മിറ്റി പറയുന്നു. 2022 മേയിൽ മേഖല സീൽ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടു. ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന ഭാഗമൊഴികെ പളളി വളപ്പിലെ മുഴുവൻ ഇടങ്ങളിലും ശാസ്ത്രീയ സർവേ നടത്താൻ 2023 ആഗസ്റ്റ് നാലിന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നു.