
ന്യൂഡൽഹി: 22നു നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്‌ട്രീയ ചടങ്ങാക്കിയതുകൊണ്ടാണ് കോൺഗ്രസ് ബഹിഷ്‌കരിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജോഡോ യാത്രയുടെ ഭാഗമായി നാഗലാൻഡിലെ കൊഹീമയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ ചടങ്ങായതുകൊണ്ടാണ് ശങ്കരാചാര്യൻമാരും ചടങ്ങ് ബഹിഷ്‌കരിച്ചത്. ആർ.എസ്.എസ്- ബി.ജെ.പി ചടങ്ങായതുകൊണ്ടാണ് പോകില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞത്. കോൺഗ്രസിന് എല്ലാ മതങ്ങളോടും ആചാരങ്ങളോടും ആഭിമുഖ്യമുണ്ട്. ഹിന്ദു മതത്തിന്റെ ആചാര്യൻമാർ പോലും ചടങ്ങിനെക്കുറിച്ച് പരസ്യമായി പറഞ്ഞു. ആർ.എസ്.എസ് രൂപകല്പന ചെയ്ത രാഷ്ട്രീയ ചടങ്ങിലേക്ക് പോകാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. കോൺഗ്രസിന് അത്തരമൊരു രാഷ്ട്രീയ ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
ഇന്ന് അരുണാചലിലേക്ക്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാഗലാൻഡിൽ പര്യടനം നടത്തി. ഇന്ന് ഉച്ചയോടെ അസാം വഴി അരുണാചൽ പ്രദേശിലേക്ക് പോകും. അരുണാചലിന് ശേഷമാണ് അസാമിലെത്തുന്നത്. ഇന്നലെ രാവിലെ എട്ടിന് നാഗലാൻഡ് തലസ്ഥാനമായ കൊഹിമയിലെ വിശ്വേമയിൽ നിന്നാണ് മൂന്നാം ദിവസത്തെ യാത്ര ആരംഭിച്ചത്. രാവിലെ രാഹുൽ കൊഹിമ യുദ്ധ സെമിത്തേരിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ഫുൽബാരി വഴി ഉച്ചയോടെ ചിഫോബോസോ ടൗണിലെ
എസ്.സി.ഇ.ആർ.ടി കോളേജിലെത്തി വിശ്രമിച്ചു. ഉച്ചയ്‌ക്കു ശേഷം റെങ്മ സ്പോർട്സ് അസോസിയേഷൻ ഗ്രൗണ്ടിന് സമീപത്തു നിന്ന് യാത്ര പുനരാരംഭിച്ചു. രാത്രി വൊഖയ്‌ക്ക് സമീപം ചുകിതോങ്ങിലാണ് വിശ്രമം.