
അയോദ്ധ്യ: ജനുവരി 22ന് പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്ര പരിസരത്ത് പ്രധാനമൂർത്തി രാംലല്ലയുടെ (ബാലനായ രാമൻ) വിഗ്രഹം ഇന്നെത്തിക്കും. മൈസൂരുവിലെ ശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്തതാണ് പുതിയ വിഗ്രഹം. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഏഴു ദിവസത്തെ പൂജാചടങ്ങുകൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. പ്രായശ്ചിത്ത പൂജ അടക്കമാണ് ഇന്നലെ നടന്നത്. സരയൂ നദിക്കരയിൽ ഇന്നലെ രാത്രി നൂറുകണക്കിന് ചെരാതുകൾ ദീപ പ്രഭ തീർത്തു.
മുഴുവൻ സ്വർണവാതിലുകളും സ്ഥാപിച്ചു
ഗർഭഗൃഹം (ശ്രീകോവിൽ) ഉൾക്കൊള്ളുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്വർണം പൊതിഞ്ഞ വാതിലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. 14 സ്വർണ വാതിലുകളാണ് സ്ഥാപിച്ചത്. ശ്രീകോവിലിനു മുന്നിൽ വാതിലിൽ ദേശീയ പക്ഷിയായ മയിലിന്റെ രൂപം കാണാം. ഈ വാതിലുകൾ ഫോൾഡ് ചെയ്യാൻ കഴിയും. തിരക്ക് വർദ്ധിക്കുമ്പോൾ മടക്കി വച്ചിരിക്കുന്നവ തുറന്ന് നിയന്ത്രിക്കാനാകും.
36ട്രെയിനുകൾ റദ്ദാക്കി
അയോദ്ധ്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് അടക്കമുള്ള 36 ട്രെയിനുകൾ റദ്ദാക്കി. 22 വരെയാണ് നിയന്ത്രണം. ട്രാക്ക് ഡബ്ലിംഗ് ജോലികളാണ് കാരണമായി പറയുന്നത്.
ഡൽഹിയിലും സുരക്ഷ
പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കും. 26ലെ റിപ്പബ്ലിക് ദിന പരേഡിന്റെ പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ സന്നാഹം ഡൽഹിയിലുണ്ട്. ഇതിനു പുറമെ ഡ്രോൺ തുടങ്ങിയവ ഉപയോഗിച്ചുള്ള നിരീക്ഷണമടക്കം പ്രാണപ്രതിഷ്ഠാ ദിനത്തിലുണ്ടാകും. പ്രശ്നബാധിത മേഖലകളിൽ ഫ്ളാഗ് മാർച്ചും നടത്തും.
പ്രാണപ്രതിഷ്ഠ മാറ്റിവയ്ക്കണമെന്ന് ആവശ്യം
പൂർത്തിയാകാത്ത ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതി. പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്‌ത്ര വിധികൾക്ക് വിരുദ്ധമാണെന്നാണ് നിലപാട്. താൻ നരേന്ദ്രമോദിക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യയിൽ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
അയോദ്ധ്യയിൽ 14.5 കോടി വില മതിക്കുന്ന സ്ഥലം വാങ്ങി നടൻ അമിതാഭ് ബച്ചൻ. കെട്ടിട നിർമ്മാണ രംഗത്തെ ദ ഹൗസ് ഒഫ് അഭിനന്ദൻ ലോധയുടെ പക്കലുള്ള മുന്തിയ പ്ലോട്ടാണ് നടൻ സ്വന്തമാക്കിയത്. 10,000 സ്ക്വയർ ഫീറ്റിന്റെ വീട് വയ്ക്കാനാണ് നടൻ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തന്റെ ഹൃദയത്തിൽ ഇടമുള്ള സ്ഥലമാണ് അയോദ്ധ്യയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഫോട്ടോ ക്യാപ്ഷൻ: രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച സ്വർണം പൊതിഞ്ഞ വാതിലുകൾ